
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. നിലവിൽ എട്ടു ജില്ലകളിൽ നടപ്പാക്കുന്ന തെരുവ് നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ എല്ലാ ബ്ലോക്കുകളിലും തുടങ്ങും. വളർത്തു നായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് വ്യാപകമാക്കാനും ഇതിനായി കൂടുതൽ വാക്സിൻ ലഭ്യമാക്കാനും തീരുമാനിച്ചെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
ജസ്റ്റിസ് ഇന്ദു മൽഹോത്രക്കെതിരെ ദേവസ്വം മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളേയും വരുമാനത്തേയും സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജി ഇന്ദു മൽഹോത്ര നടത്തിയ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കമ്മ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അനുചിതമായ പരാമർശമാണ് അവർ നടത്തിയതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 5 ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്ത് ഉള്ളത്, ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോർഡുകളേയും സഹായിക്കുകയാണ് സർക്കാർ ചെയ്തത്.
കൊവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 450 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. ശബരിമല തീത്ഥാടകർക്ക് 5 ഇടത്താവളം ഉണ്ടാക്കാൻ 118 കോടി രൂപ കിഫ്ബി വഴി അനുവദിച്ചെന്നും ക്ഷേത്രങ്ങളെയും ദേവസ്വം ബോർഡുകളേയും സംരക്ഷ്ക്കുന്ന നിലപാടിൽ മാറ്റമില്ലെന്നുെ മന്ത്രി നിയമസഭയിൽ വിശദീകരിച്ചു
ശമ്പളവിതരണം: സര്‍ക്കാര്‍ 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ശമ്പള വിതരണത്തിനായി കെ.എസ്ആർടിസിയ്ക്ക് സർക്കാർ 103 കോടി രൂപ അനുവദിക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി.ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശന്പളത്തിനും ഓണം അലവൻസിനുമായി സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടിരൂപ നൽകാനായിരുന്നു സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവ്. എന്നാൽ കെ.എസ്ആർടിസി ജീവനക്കാർക്ക് ശന്പളം നൽകാനുള്ള നിയമപരമായ ബാധ്യത സർക്കാറിനില്ലെന്നും മറ്റ് ബോർഡ് കോർപ്പറേഷനുകൾക്ക് നൽകുന്ന പരിഗണന മാത്രമേ നൽകാൻ കഴിയു എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.സർക്കാർ സഹായം ലഭ്യമാകാതെ ശന്പളം നൽകാൻ ആകില്ലെന്ന് കെ.എസ്ആർടിസി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ അപ്പീലിൽ ഹൈക്കോടതി പിന്നീട് വിശദമായ വാദം കേൾക്കും.