
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണം. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ബീച്ചിൽ ആളുകൾ കുറഞ്ഞു തുടങ്ങി. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഒന്‍പത് മണിക്ക് അടയ്ക്കണമെന്ന നിർദേശം കർശനമായി പാലിക്കണമെന്നും കമ്മീഷണർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധനയുണ്ടാകും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവർത്തനം അവസാനിപ്പിക്കണം. വീട്ടിലിരുന്ന് കോഴിക്കോട് കളക്ടറുടെ ഇൻസ്റ്റാഗ്രം പേജിലൂടെ ആഘോഷത്തിൽ പങ്കുചേരാൻ പൊതുജനങ്ങൾക്ക് ക്ഷണമുണ്ട്.
ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവുമില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചിൽ നിന്നും ആളുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോകണം. തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണുള്ളത്. കോവളം അടക്കമുള്ള ബീച്ചുകളില്‍ താരത്യമേന ആളുകള്‍ കുറവാണ്. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്മെന്‍റുണ്ട്. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam