
തിരുവനന്തപുരം: ''എൽഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങളേ പറയൂ, പറയുന്നതെല്ലാം നടപ്പാക്കും. ആ വിശ്വാസം ജനങ്ങൾക്കുണ്ട്'', വോട്ടെണ്ണുന്നതിന് തലേന്ന് കണ്ണൂരിലെ പാർട്ടി ഓഫീസിലെ തെരഞ്ഞെടുപ്പ് ക്യാമ്പിൽ ചുവന്ന ബോർഡിന് മുമ്പിലിരുന്ന് പിണറായി വിജയൻ പറഞ്ഞു. ആത്മവിശ്വാസം തുടിക്കുന്ന വാക്കുകൾ. വരാനിരിക്കുന്ന ദിവസം തന്‍റേതും പാർട്ടിയുടേതുമാകുമെന്ന ഉറച്ച വിശ്വാസം ആ മനുഷ്യനിലുണ്ടായിരുന്നു. പിണറായിയുടെ വിശ്വാസം ശരിയായി. കേരളത്തിന്‍റെ നാൽപ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച് തുടർച്ചയായി രണ്ടാം വട്ടവും ഇടതുമുന്നണി അധികാരത്തിലേറി. ഇത് തന്നെയാണ് 2021-ൽ രാഷ്ട്രീയകേരളം കണ്ട ഏറ്റവും നിർണായകമായ വഴിത്തിരിവ്. 2016-ലെ എൽഡിഎഫിന്‍റെ മുദ്രാവാക്യം 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്നായിരുന്നെങ്കിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന ഉറച്ച ആത്മവിശ്വാസം സ്ഫുരിക്കുന്ന മുദ്രാവാക്യവുമായാണ് ടീം പിണറായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വർണക്കടത്തടക്കമുള്ള എല്ലാ വിവാദങ്ങളും ഡെമോക്ലിസിന്‍റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും, തദ്ദേശതെരഞ്ഞെടുപ്പിൽ നേടിയ മിന്നുംവിജയം ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ വലിയ ഊർജമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചുനിന്നെങ്കിലും അടിത്തട്ടിൽ ശക്തി ചോർന്ന് ഭിന്നിച്ച യുഡിഎഫും കോൺഗ്രസും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങി. കൂട്ടത്തോടെയുള്ള നേതൃമാറ്റമായിരുന്നു ഫലം.