പ്രതിഷേധം ശക്തം; പാലാരിവട്ടത്ത് യുവാവിന്‍റെ മരണത്തിനിടയാക്കിയ കുഴി അടച്ചു

By Web TeamFirst Published Dec 13, 2019, 6:11 AM IST
Highlights

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

കൊച്ചി: പാലാരിവട്ടത്ത് യുവാവിന്‍റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരന്നത്. എന്നാല്‍ എട്ട് മണിയോടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടങ്ങി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പൊലീസെത്തി പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ആവശ്യം നിരസിച്ചു. 

അപകടത്തിനിടയാക്കിയ ഭാഗത്ത് പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 18 ന് അറ്റകുറ്റപ്പണിക്ക് അനുമതി തേടി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് ജല അതോറിറ്റി കത്തയച്ചിരുന്നു. രണ്ട് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നതിനാല്‍ റോഡ് മുറിച്ച് ജോലി ചെയ്യാനായിരന്നു അനുമതി തേടിയത്. എന്നാല്‍ ഒരു പ്രതികരണവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് മജിസ്ടീരിയല്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അഡി. ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രസേഖരന്‍ നായര്‍ ഇന്ന് രാവിലെ യദുലാലിന്‍റെ വീട് സന്ദര്‍ശിക്കും. കുടുംബാഗംങ്ങളില്‍ നിന്ന് മൊഴിയെടുത്ത ശേഷം അപകടസ്ഥലം സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. 

click me!