മഹാചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ, കടൽക്ഷോഭം

Published : Oct 31, 2019, 06:25 AM ISTUpdated : Oct 31, 2019, 09:15 AM IST
മഹാചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ, കടൽക്ഷോഭം

Synopsis

ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ കാറ്റിന് സാധ്യത എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി എറണാകുളത്ത് കടൽക്ഷോഭം രൂക്ഷം

തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരും. 40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു. എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും തൃശ്ശൂരിലെ  ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ട് മൂലം പ്രയാസം നേരിടുന്ന  സ്കൂളുകൾക്ക് അവധി നൽകുന്നതിന് വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു

ശനിയാഴ്ച ശക്തമായ കാറ്റിന് സാധ്യത

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.

നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യതൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

എറണാകുളത്ത് കടൽക്ഷോഭം ശക്തം, ക്യാമ്പുകൾ തുറന്നു

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങൾ ക്യാമ്പിൽ ആണ്. ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഒന്നരയടി ഉയർത്തി. രാവിലെ 9 ന് അരയടി കൂടി ഉയർത്തും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും