പഠിക്കാന്‍ മൊബൈല്‍ ഫോണില്ല, ഏഷ്യാനെറ്റ് ന്യൂസിലൂടെ മന്ത്രിയോട് പരാതി പറഞ്ഞു; തത്സമയം പരിഹാരവുമായി എംഎൽഎ

By Web TeamFirst Published May 30, 2021, 5:11 PM IST
Highlights

പിതാവിന് കൂലിപ്പണിയാണെന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്നും അജിന്‍ മന്ത്രിയോട് വ്യക്തമാക്കി. മന്ത്രി കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി സഹായം ഉറപ്പുനല്‍കി. ഇതിനിടയിലാണ് ചീക്കോട് ഉള്‍പ്പെടുന്ന കൊണ്ടോട്ടി എംഎല്‍എ അജിന്‍റെ പരാതിക്ക് പരിഹാരവുമായി എത്തിയത്. 

പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണില്ലെന്ന പരാതിയുമായി അജിന്‍ ഭാസ്കര്‍ എന്ന നാലാം ക്സാുകാരനെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മന്ത്രിയോട് സംസാരിക്കാം എന്ന പരിപാടിക്കിടെയാണ് ചീക്കോട് സ്വദേശിയായ അജിനെത്തിയത്. 

പിതാവിന് കൂലിപ്പണിയാണെന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്നും അജിന്‍ മന്ത്രിയോട് വ്യക്തമാക്കി. മന്ത്രി കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി സഹായം ഉറപ്പുനല്‍കി. ഇതിനിടയിലാണ് ചീക്കോട് ഉള്‍പ്പെടുന്ന കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം അജിന്‍റെ പരാതിക്ക് പരിഹാരവുമായി എത്തിയത്. വാവൂര്‍ ജി എല്‍പി സ്കൂളിലെ വിദ്യാര്‍ഥിയായ അജിന് ഫോണ്‍ നല്‍കുമെന്ന് എംഎല്‍എ വിശദമാക്കി. അജിന്‍റെ കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണെന്നും എംഎല്‍എ മന്ത്രിയോട് വ്യക്തമാക്കി. 

അടുത്ത അധ്യയന വര്‍ഷത്തില്‍ പഠനസൌകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി  പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി ഇതിനായുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതിയില്‍ ഉടനടി ഇടപെടല്‍ നടത്തിയ എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു. തങ്ങളുടെ മണ്ഡലങ്ങളിലെ ഇത്തരം പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധിച്ചാല്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മുന്നിലേക്ക് വരാനുള്ള അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!