തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ വിശദീകരണം തേടി
മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന്‍റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനം തടഞ്ഞ വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ ഹൈക്കോടതിയില്‍. മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെയാണ് സംഘാടകർ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നേരത്തെ പ്രാഥമിക അനുമതിയും നിർദ്ദേശങ്ങളും നൽകിയിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, തിരുനാവായ വില്ലേജ് ഓഫീസർ കേരള നദീതീര സംരക്ഷണ നിയമം പ്രകാരം സ്റ്റോപ്പ് മെമ്മോ ഇറക്കി. വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്.
വിശദവിവരങ്ങൾ
ജനുവരി പതിനെട്ടുമുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം. ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. പുഴയ്ക്ക് കുറുകെ ഒരു താത്കാലിക പാലം കെട്ടിയുണ്ടാക്കുന്നതിലാണ് വില്ലേജ് ഓഫീസർ സ്റ്റേ പ്രഖ്യാപിച്ചത്. 200 മീറ്ററലധികം നീളമുള്ള പാലം കവുങ്ങിൽ കാലുകൾ നാട്ടിയാണ് നിര്‍മിക്കുന്നത്. ഫിറ്റ്നസ് ഉൾപ്പെടെ പ്രശ്നങ്ങൾ പലതു വേറെയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സ്റ്റോപ് മെമ്മോ. എന്നാൽ, നവംബറിൽ തന്നെ കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച ജില്ലാ ഭരണകൂടത്തെ രേഖമൂലം അറിയിച്ചതാണെന്നും ഇപ്പോഴും തടസ്സപ്പെടുത്തുന്നത് എന്തിനെന്നുമാണ് സംഘാടകരുടെ ചോദ്യം. ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാഘമഖ മഹോത്സവം പൂര്‍ണാര്‍ത്ഥത്തിൽ തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സംഘാടകരുടെ പക്ഷം.
ഉത്സവം തുടങ്ങി
മലപ്പുറം തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് ഇന്നലെ തുടക്കമായിരുന്നു. കേരളത്തിലെ കുംഭമേളയെന്ന നിലയിലുള്ള ആത്മീയ - സാംസ്‌കാരിക ഉത്സവം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ഉദ്ഘാടനംചെയ്തത്. ത്രിമൂർത്തി സംഗമസ്ഥാനമെന്ന് വിശ്വസിക്കുന്ന തിരുനാവായയിൽ ഭാരതപുഴയോരത്ത് ധര്‍മ്മ പതാക ഉയര്‍ത്തിയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മേള ഉദ്ഘാടനം ചെയ്തത്. പെരിന്തൽമണ്ണ ആലിപ്പറമ്പ് കളരിയിൽനിന്ന് ഘോഷയാത്രയായി നാവാമുകുന്ദക്ഷേത്രപരിസരത്ത് എത്തിച്ച കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. മഹാമാഘ മഹോത്സവം എല്ലാ വര്‍ഷവും തുടരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നമ്മുടെ പാരമ്പര്യത്തില്‍ നമുക്ക് അഭിമാനമുണ്ടാവണം. സനാധന ധര്‍മ്മത്തെ പുറത്തു നിന്നാര്‍ക്കും തകര്‍ക്കാനാവില്ല. ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ സനാധന ധര്‍മ്മം പിന്തുടരാതിരിക്കുന്ന നമുക്ക് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫെബ്രുവരി മൂന്ന് വരെ നീളുന്ന മഹാ മാഘമഹോത്സവത്തില്‍ പങ്കെടുക്കാൻ കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേർ തിരുനാവായയില്‍ എത്തിയിട്ടുണ്ട്.


