കണ്ണൂരില്‍ വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കും പനി, രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക്

By Web TeamFirst Published Nov 21, 2019, 5:32 PM IST
Highlights

ബാംഗ്ലൂരിൽ നിന്നും നാല് ദിവസത്തെ വിനോദയാത്രക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കണ്ണൂര്‍: കണ്ണൂരില്‍ കോളേജില്‍ നിന്നും ടൂറിന് പോയ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ വൈറസ് ഏതാണെന്ന് കണ്ടുപിടിക്കാൻ രക്ത സാമ്പിൾ ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. കൂത്തുപറമ്പ് സ്വദേശി ആര്യശ്രീയാണ് ഇന്ന് രാവിലെ മരിച്ചത്. ഹൃദയപേശികളിലെ അണുബാധയായ മയോകാർഡിറ്റിസിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. 

ബാംഗ്ലൂരിൽ നിന്നും നാല് ദിവസത്തെ വിനോദയാത്രക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മയോകാർഡിറ്റിസിന് കാരണം എച്ച് വൺ എൻവൺ വൈറസ് ആണെന്ന് സംശയമുണ്ട്. 

പിന്നാലെ വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥികളും അധ്യാപകരുമടക്കം അൻപത്തിയൊന്നു പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു. എച്ച്‌വൺ എൻവൺ ലക്ഷണങ്ങൾ കണ്ട പത്ത് വിദ്യാ‍ർത്ഥികളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എല്ലാവരുടേയും രക്തസാമ്പിളുകളും തൊണ്ടയിലെ സാമ്പിളുകളും ശേഖരിച്ച് ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

click me!