
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിക്കാനിടയാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് സര്‍ക്കാര്‍ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. അതേസമയം, മിഥുന്‍റെ മരണത്തന് ഇടയ്ക്കിയ വൈദ്യുതി ലൈൻ കെഎസ്ഇബി ഇന്ന് മാറ്റും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
മരിച്ച മിഥുന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും.
തുർക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam