അയ്യോ ഇനി ലീവ്‌ തരല്ലേ! വയനാട് കളക്ടര്‍ക്ക് ആറാം ക്ലാസുകാരിയുടെ ഇമെയിൽ സന്ദേശം

By Web TeamFirst Published Aug 8, 2022, 3:16 PM IST
Highlights

നമ്മുടെ കുട്ടികൾ മിടുക്കരാണെന്നും അവരുടെ ലോകം വിശാലമാണെന്നും നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്നവരാണെന്നും പോസ്റ്റിൽ കളക്ടര്‍ കുറിച്ചു. 

കൽപ്പറ്റ : നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച സ്കൂൾ തുറക്കണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ കളക്ടര്‍ക്ക് ആറാം ക്ലാസുകാരിയുടെ ഇ മെയിൽ സന്ദേശം. കളക്ടര്‍ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സഫൂറ നൗഷാദ് എന്ന കുട്ടിയാണ് ഇമെയിൽ അയച്ചിരിക്കുന്നത്. നമ്മുടെ കുട്ടികൾ മിടുക്കരാണെന്നും അവരുടെ ലോകം വിശാലമാണെന്നും നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്നവരാണെന്നും പോസ്റ്റിൽ കളക്ടര്‍ കുറിച്ചു. 

മഴ ശക്തമായതോടെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു.  ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

വയനാട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അയ്യോ ! ഇനി ലീവ്‌ തരല്ലേ !!
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയിൽ ഇന്ന് രാവിലെയാണ്‌ കിട്ടിയത്‌. നാലു ദിവസം അടുപ്പിച്ച്‌ വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ്‌ വേണമെന്നും ആണ്‌ മിടുക്കിയുടെ ആവശ്യം. 
എത്ര തെളിമയാണ്‌ ഈ സന്ദേശത്തിന്‌ !!
മിടുക്കരാണ്‌ നമ്മുടെ മക്കൾ.
അവരുടെ ലോകം വിശാലമാണ്‌. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്ന മിടുക്കർ. 
ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്‌. 
അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും - വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്‌ 🥰
#CollectorWayanad
#wayanadWE

വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ ഇന്നലെയുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. 2020 ൽ ഇവിടെ ഉരുൾപൊട്ടിയിരുന്നു. അന്ന് ഇവിടെ ഉണ്ടായിരുന്ന മൂന്ന് വീടുകൾ തകർന്നിരുന്നു. പിന്നീട് ഈ മേഖലയിൽ നിന്ന്  ആളുകളെ മാറ്റി പാർപ്പിക്കുകയായിരുന്നു.

click me!