
വയനാട്: വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയില്‍ വിശദീകരണം നൽകി. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മാനന്തവാടി എഎസ്‍പി വൈഭവ സക്സേന റിപ്പോർട്ട് നൽകിയത്.
കേസില്‍ അധ്യാപകരുടെയും ഡോക്ടറുടെയും ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതികളും അധ്യാകരുമായ കെവി ഷജിൽ, വൈസ് പ്രിൻസിപ്പാൾ കെകെ മോഹൻ, കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുക. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ധാർമ്മികമായ വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ എങ്ങനെ കേസ് ശാസ്ത്രീയമായി തെളിയിക്കാനാകുമെന്നും കോടതി ആരാഞ്ഞു. ഹർജി ഹൈക്കോടതി തീർപ്പാക്കുന്നതുവരെ അധ്യപകരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam