ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ കുട്ടികള്‍; ഒമ്പതാംക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം

By Web TeamFirst Published Jun 18, 2021, 11:03 PM IST
Highlights

ഫ്രീ ഫയർ എന്ന പേരിലുള്ള മൊബൈൽ ഗെയിമാണ് കുട്ടി കളിച്ചതെന്നും സംഘം കണ്ടെത്തി. തുടർന്ന് വീട്ടമ്മയുടെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ വിശദമായി പരിശോധിച്ചു. നാൽപ്പതു രൂപ മുതൽ 4000 രൂപ വരെയാണ് ചാ‍ർജ് ചെയ്തത്. 

എറണാകുളം: ഒൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇവരുടെ അക്കൗണ്ടിൽ നിന്നും ദിവസങ്ങൾ കൊണ്ട് മൂന്നു ലക്ഷത്തോളം രൂപ നഷ്ടമായതിനെ തുടർന്നാണ് പരാതിയുമായി എറണാകുളം റൂറൽ എസ്പിയെ സമീപിച്ചത്. എസ്പിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

ഫ്രീ ഫയർ എന്ന പേരിലുള്ള മൊബൈൽ ഗെയിമാണ് കുട്ടി കളിച്ചതെന്നും സംഘം കണ്ടെത്തി. തുടർന്ന് വീട്ടമ്മയുടെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ വിശദമായി പരിശോധിച്ചു. നാൽപ്പതു രൂപ മുതൽ 4000 രൂപ വരെയാണ് ചാ‍ർജ് ചെയ്തത്. ഗെയിമിന്‍റെ ലഹരി മൂത്ത് ഒരു ദിവസം തന്നെ പത്തു തവണ ചാർ‍‍ജ് ചെയ്തതായും കണ്ടെത്തി. സംഭവം മാതാപിതാക്കൾ അറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗെയിമുകൾക്കെതിരെ ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ്.

ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലുകൾ രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐഡിയും, പാസ്‍വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോൺ ലോക്കിലും ഉപയോഗിക്കാവു എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളുടെ ഒൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുത്. സ്കൂളിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അധ്യാപകർ അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

click me!