
ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകലിന്‍റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് ദിലീപ് വെട്ടിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തട്ടിക്കൊണ്ട് പോകാൻ വന്നവരിൽ നിന്ന് രക്ഷപെട്ട വിദ്യാർത്ഥി ഓടി അടുത്തുള്ള വീട്ടിൽ കയറി. കറുത്ത ജീപ്പിലാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നും വാഹനത്തിന്‍റെ നമ്പറും കുട്ടി നാട്ടുകാരോടും നൂറനാട് പൊലീസിനോടും പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പൊലീസ് വണ്ടിയും ഉടമയും വീട്ടിൽ തന്നെയുണ്ടെന്ന് നൂറനാട് പൊലീസിനെ അറിയിച്ചു. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാൾ ചിത്രീകരിച്ച വീഡിയോ വൈറലായി. ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ്.
പൊലീസ് ഒൻപതാംക്ലാസുകാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് യഥാർത്ഥ സംഭവം പുറത്തു വന്നത്.സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ കൂട്ടുകാരൻ പറഞ്ഞു കൊടുത്ത മാർഗ്ഗമായിരുന്നത്രേ തട്ടിക്കൊണ്ടു പോകൽ നാടകം. വിദ്യാർത്ഥി ഭാവനയിൽ സൃഷ്ടിച്ചതായിരുന്നു വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പര്‍. എന്തായാലും പുലിവാൽ പിടിച്ച് നെട്ടോട്ടത്തിലാണ് ദിലീപ് നാരായണനെന്ന ചാലക്കുടിക്കാരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam