കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

By Web TeamFirst Published Feb 13, 2020, 8:19 PM IST
Highlights

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതൽ ഇരുപത്തെട്ട് ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാർത്ഥി വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

ആലപ്പുഴ: ലോകമാകെ വൻ ഭീതി പരത്തിയ കൊവിഡ്–19 (കൊറോണ വൈറസ്) ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ആശ്വാസ വാർത്തകൾ. രോഗബാധയെ തുട‍ർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു. ഈ മാസം 26 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

വിദ്യാർത്ഥിയുടെ പരിശോധനാ റിപ്പോർട്ടുകളെല്ലാം തുടർച്ചയായി നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതൽ ഇരുപത്തെട്ട് ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാർത്ഥിയെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 24 ന് ചൈനയിൽ നിന്നും എത്തിയശേഷം 30നാണ് വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ കൊറോണ കേസ് ആയിരുന്നു ഇത്.

നിലവിൽ ആലപ്പുഴ ജില്ലയിൽ ആരും കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലില്ല. 139 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വൈറസുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ നീരിക്ഷണത്തിലുള്ള 110 പേരില്‍ 29 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ നീരീക്ഷണത്തിലുള്ളവർ 81 പേരാണ്. ഇതിൽ ഒരാൾ ആശുപത്രിയിലും 80 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 29 പേരാണ് നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചത്. തൃശൂരില്‍ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ നാല് പേരും വീടുകളിൽ 206 പേരുമാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

click me!