കണ്ണൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ അജിയുടെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലമാണ് നെഗറ്റീവായത്.
പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം കൊവിഡ് പോസിറ്റീവ് എന്നായിരുന്നു. തുടർന്നാണ് ആലപ്പുഴയിലേക്ക് സ്രവം അയച്ചത്. അമലിന്റെ അച്ഛന്റെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇദ്ദേഹം പരിയാരത്തെ നഴ്സിംഗ് അസിസ്റ്റന്റാണ്. പരിയാരം മെഡിക്കൽ കോളേജിൽ സ്ഥിതി അതീവ ഗുരുതരാണ്. 22 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രവർത്തനം ഭാഗികമാക്കി. അത്യാഹിത രോഗികൾക്ക് മാത്രമാണ് ചികിത്സ. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനവും ഭാഗികമായാണ് നടത്തുന്നത്.
ന്യൂറോ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവും , ഗ്യാസ്ട്രോ എന്‍ററോളജി, കമ്യൂണിറ്റി മെഡിസിൻ , സിടി, എംആർഐ സ്കാൻ യൂണിറ്റുകളും താൽക്കാലികമായി അടച്ചു. ശസ്ത്രക്രിയ വിഭാഗത്തിലെ അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറന്‍റീനിൽ പോയതോടെ ശസ്ത്രക്രിയാ വിഭാഗങ്ങളും മുടങ്ങി. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. 90ലേറെ ജീവനക്കാർ ക്വാറന്‍റീനിൽ പോയതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആശുപത്രിയും പരിസരവും പൂർണമായി അണുനശീകരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam