നാല് വയസ്സുകാരനായി നന്മയുടെ കൈകൾ കോർത്തു; വർക്കല വെട്ടൂർ സ്കൂളിൽ വിദ്യാർത്ഥികളുടെ ബിരിയാണി ചലഞ്ച്

By Nikhil PradeepFirst Published Jan 31, 2023, 6:31 AM IST
Highlights

ചെലവുകൾ കഴിഞ്ഞുള്ള തുക ഉടൻ കുട്ടിയുടെ ചികിത്സയ്ക്കായി വിദ്യാർത്ഥികൾ കൈമാറും. കണ്ണിന് ക്യാൻസർ ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള, ഓഫീസ് ജീവനക്കാരൻ്റെ നാല് വയസുള്ള മകനു വേണ്ടി തുക കണ്ടെത്തുന്നതിന് ആണ് സ്കൂൾ കുട്ടികളുടെ പരിശ്രമത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 

തിരുവനന്തപുരം: സ്കൂൾ ജീവനക്കാരൻ്റെ നാല് വയസ്സുകാരൻ മകൻ്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വർക്കല വെട്ടൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ബിരിയാണി ചലഞ്ചിലൂടെ വിറ്റത് 2200ലേറെ ബിരിയാണി പൊതികൾ. കുട്ടികളുടെ പരിശ്രനത്തിന് അധ്യാപകരും, നാട്ടുകാരും, രക്ഷകർത്താക്കളും പൂർണ്ണ പിന്തുണയുമായി നിന്നതോടെ പ്രതീക്ഷിച്ചതിലും അധികമായി 1200 ബിരിയാണി പൊതികൾ ആണ് വിൽക്കാൻ സാധിച്ചത്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച സ്കൂളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 

1000 ബിരിയാണി ആണ് ആദ്യം വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയ്ക്ക് പിന്നാലെ കുട്ടികളുടെ ഈ നല്ലമനസിന് പിന്തുണയുമായി കൂടുതൽ ആളുകൾ എത്തിയതോടെ പട്ടിക ദിവസങ്ങൾ കൊണ്ട് രണ്ടായിരത്തിലേറെ ആയി. ഇതിന് പുറമെ പലരിൽ നിന്നുമായി 15,000 രൂപയോളം സ്പോൺസർഷിപ്പും കുട്ടികൾക്ക് ലഭിച്ചു. എൻ.എസ്.എസ് യൂണിറ്റിലെ 35 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ മുപതോളം വരുന്ന അധ്യാപകരും, അനധ്യാപക ജീവനക്കാരും, രക്ഷകർത്താക്കളും ഒരുമിച്ച് നിന്നതോടെ വിചാരിച്ചതിലും ഇരട്ടി ഭംഗിയായി തങ്ങൾക്ക് ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പല വിദ്യാർത്ഥികളും നാട്ടിലിറങ്ങി 100ൽ ഏറെ ഓർഡറുകൾ ആണ് ശേഖരിച്ചത്. 

ശനിയാഴ്ച വൈകിട്ട് തന്നെ സ്കൂളിൽ ബിരിയാണി ചലഞ്ചിനു വേണ്ട മുൻ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ കുട്ടികളും അധ്യാപകരും ചേർന്ന് പാചകത്തിനുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു. പുറത്ത് നിന്ന് എത്തിച്ച പാചകകാരുടെ സഹായത്തോടെ ആണ് ബിരിയാണി ഉണ്ടാക്കിയത്. തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബിരിയാണി പൊതികളിൽ ആക്കി ലിസ്റ്റ് അനുസരിച്ച് വിതരണം നടത്തി. 2000 പൊതികൾ ആയിരുന്നു കണക്ക് എങ്കിലും ഇത് തിങ്കളാഴ്ച ആയപ്പോൾ വീണ്ടും കൂടി. ഒടുവിൽ രണ്ടാമത് വീണ്ടും അരിയും ഇറച്ചിയും വാങ്ങി ബിരിയാണി ഉണ്ടാക്കി എല്ലാവരിലും ഇവർ ബിരിയാണി എത്തിച്ചു. ചെലവുകൾ കഴിഞ്ഞുള്ള തുക ഉടൻ കുട്ടിയുടെ ചികിത്സയ്ക്കായി വിദ്യാർത്ഥികൾ കൈമാറും. കണ്ണിന് ക്യാൻസർ ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള, ഓഫീസ് ജീവനക്കാരൻ്റെ നാല് വയസുള്ള മകനു വേണ്ടി തുക കണ്ടെത്തുന്നതിന് ആണ് സ്കൂൾ കുട്ടികളുടെ പരിശ്രമത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 

Read Also: കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി

click me!