
മലപ്പുറം: ലഹരി വിമുക്ത സന്ദേശമുയർത്തി വിദ്യാർഥി ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ച് എസ്എഫ്ഐ. ലഹരിവിരുദ്ധ ക്യാമ്പയ്നിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാള സർവകലാശാല ക്യാമ്പസിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു.
സമൂഹം നേരിടുന്ന വലിയൊരു വിപത്താണ് ലഹരി, അതിനെ നാം കൂട്ടായി എതിർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'സംഘടനാ പ്രവർത്തനം നിരോധിച്ച അരാഷ്ട്രീയ ക്യാമ്പസുകളിലാണ് ഇത്തരം അക്രമണങ്ങളും ലഹരി ഉപയോഗവും കൂടി വരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളിലേക്ക് ലഹരി മാഫിയകളും അരാജകത്വ കൂട്ടായ്മകളും കടന്നുവരുന്നു. നിയമ സംവിധാനങ്ങളെക്കാളും ക്യാമ്പസുകളിലേക്ക് ഇറങ്ങി ചെല്ലാനാവുക വിദ്യാർത്ഥി സംഘടനകൾക്കും അതിന്‍റെ നേതാക്കൾക്കുമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്ഐ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയ്നുകൾ മാതൃകാപരമാണ്. ജില്ലാ ഭരണകൂടത്തിന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകും' എന്ന് സബ് കളക്ടർ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് മുഹമ്മദലി ശിഹാബ് പരുവാടിയുടെ അധ്യക്ഷത വഹിച്ചു. സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ എം ഭരതൻ, എഴുത്തച്ഛൻപഠന സ്കൂൾ ഡയറക്ടർ പ്രൊഫ. കെ എം അനിൽ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പി ശ്യാംജിത്ത്, അഡ്വ. ദിൽഷാദ് കബീർ, ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി അതുൽ കൃഷ്ണ ടി പി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ ആദിൽ സ്വാഗതവും കൃഷ്ണ കെ പി നന്ദിയും പറഞ്ഞു. ക്യാമ്പസിൽ വിദ്യാർഥികൾ ലഹരിമുക്ത ശൃംഖലയൊരുക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന ക്യാമ്പയിൻ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam