ഡിജിറ്റൽ 'സമ്മർദ്ദത്തിൽ' കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ! ഈ ക്ലാസിൽ ഹാജരുണ്ടോ ?

By Web TeamFirst Published Jun 5, 2021, 1:31 PM IST
Highlights

മാതാപിതാക്കൾ തൊഴിലിടങ്ങളിലാകുന്ന വീടുകളിലെ കുട്ടികൾ ഓൺലൈൻ പഠനത്തിൽ പിന്നിലാവുകയാണ്. കുഞ്ഞുങ്ങളെ കൂടെയിരുത്തി പഠിപ്പിക്കാൻ തക്ക വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കളും ഡിജിറ്റൽ കാലത്ത് ആശങ്കയിലാണ്.

കണ്ണൂർ/ കൊച്ചി/ തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിൽ കുട്ടികൾക്ക് പുറമെ മാതാപിതാക്കളും അധ്യാപകരും നേരിടുന്നത് വലിയ സമ്മർദവും പ്രതിസന്ധിയും. പണിക്ക് പോകേണ്ടി വരുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ ഒപ്പമിരുത്തി പഠിപ്പിക്കാൻ സമയം കിട്ടുന്നില്ല. അധ്യാപകക്ഷാമവും, കോവിഡ് ഡ്യൂട്ടിയും ചേർന്നുള്ള ജോലിഭാരത്തിന്റെ സമ്മർദത്തിലാണ് അധ്യാപകർ.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലക്കാട്ടിൽ കൂനിയിരുന്ന് കിളുന്ത് നുള്ളുന്ന അമ്മമാരെ കണ്ടിട്ടില്ലേ. സൂര്യനുദിക്കും മുന്നേ ലയങ്ങളിൽ നിന്നിറങ്ങും. ഉച്ചിപൊള്ളും വെയിലിൽ കീറച്ചാക്കിന്റെ കാക്കത്തണൽ മാത്രം. സന്ധ്യയ്ക്ക് മടങ്ങിയെത്തിയാൽ അത്താഴമുണ്ടാക്കണം, വെള്ളം പിടിച്ചുകൊണ്ടുവരണം. വീടുവൃത്തിയാക്കണം. അലക്കണം. ഒരു മുറിയും അടുക്കളയും മാത്രമുള്ള ലയത്തിന്റെ ഇട്ടാ വട്ടത്തിനകത്ത് മഞ്ഞത്തും തണുപ്പത്തും കിടന്നുള്ള പെടാപ്പാട്. ഇതിനിടയക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നേരമെവിടെയെന്ന് സുശീല നെടുവീ‍ർപ്പിടുന്നു.

മാതാപിതാക്കൾ തൊഴിലിടങ്ങളിലാകുന്ന വീടുകളിലെ കുട്ടികൾ ഓൺലൈൻ പഠനത്തിൽ പിന്നിലാവുകയാണ്. കുഞ്ഞുങ്ങളെ കൂടെയിരുത്തി പഠിപ്പിക്കാൻ തക്ക വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കളും ഡിജിറ്റൽ കാലത്ത് ആശങ്കയിലാണ്.


ഇനി കൊച്ചിയിലേക്ക് പോകാം, വീട്ടിൽ ഒറ്റയ്ക്കിരുന്ന് ഈ ഓൺലൈൻ പഠനം ആദിത്യയ്ക്ക് മടുത്തു. ടിവിയിൽ സിഗ്നൽ മുടങ്ങും. ഫോണിലാണേൽ നെറ്റ്‍വർക്കും മുറിയും. കാര്യമന്വേഷിച്ച് കൂട്ടുകാരിയെ വിളിച്ചാൽ പിന്നെ വർത്തമാനം കാടുകയറും. ക്ലാസ് പാതിവഴിയിലാകും. പത്താംക്ലാസിലെ ഫിസിക്സും കണക്കും കെമിസ്ട്രിയും ആകെ വട്ടം കറക്കിയെന്ന് പറയുന്നു ഈ വിദ്യാർത്ഥിനി. അവസാന ദിനങ്ങളിൽ സ്കൂളിലെത്തിച്ചപ്പോൾ ചില ടീച്ചർമാരാണ് കരക്കെത്തിച്ചത്.


അധ്യാപകരും കടുത്ത സമ്മർദ്ദത്തിലാണ്

സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ പ്രതിനിധിയാണ് തിരുവനന്തപുരത്തെ തീരദേശ മേഖലയിലെ ഹൈസ്കൂൾ അധ്യാപകനായ അനിൽകുമാർ. കോവിഡ് ഡ്യൂട്ടിയുള്ളത് കൊണ്ട് രോഗികളുടെ വിവരങ്ങളെടുക്കണം, പട്ടിക നൽകണം. ഒപ്പം ഒന്നിലധികം ക്ലാസുകളിലെ കുട്ടികളെ സദാ ശ്രദ്ധിക്കണം.സംസ്ഥാനത്ത് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കണക്കെടുക്കേണ്ടതും ഇവയെത്തിച്ചു നൽകാൻ മുന്നിൽ നിൽക്കേണ്ടതും ഇതേ അധ്യാപകർ തന്നെ.

പരിമിതമായാണെങ്കിലും കുട്ടികൾക്ക് നിയന്ത്രണങ്ങൾ പാലിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും അധ്യാപകരെ നേരിട്ട് കാണാൻ അവസരമൊരുക്കണമെന്ന നിർദേശം പൊതുസമൂഹത്തിൽ ശക്തമാണ്. സർക്കാർ ഇതിന് അടിയന്തിരമായി ഊന്നൽ നൽകണം.

click me!