
കൊച്ചി: മംഗലാപുരത്തു നിന്നും എറണാകുളം ഉദയംപേരൂരിൽ എത്തിയ വിദ്യാർത്ഥിക്ക് ക്വാറൻറീൻ സൗകര്യമൊരുക്കുന്നതിൽ വീഴ്ച പറ്റിയ സംഭവം സബ് കളക്ടർ അന്വേഷിക്കും. പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസിൻറെ പ്രാഥമിക റിപ്പോർട്ട്. മംഗലാപുരത്തു നിന്നും ഇന്നലെ ഉദയംപേരൂരിൽ എത്തിയ വിദ്യാർത്ഥിക്കാണ് പഞ്ചായത്ത് ക്വാറൻറീൻ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഓട്ടോറിക്ഷയിൽ കഴിയേണ്ടി വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനാണ് അന്വേഷണ ചുമതല. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാനും അടിയന്തര റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനുമാണ് ജില്ലാ കലക്ടർ എസ്. സുഹാസ് നിർദേശം നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കളക്ടർ വിദ്യർത്ഥിക്ക് തൃപ്പൂണിത്തുറ ആയൂർവേദ കോളജിൽ ക്വാറൻറീൻ സൗകര്യം ഒരുക്കി. വീട്ടിൽ സൗകര്യം ഇല്ലാത്തിനാൽ ക്വാറൻറീൻ സൗകര്യം വേണമെന്ന് മുൻകൂട്ടി അറിയിച്ച ശേഷമാണ് വിദ്യാർത്ഥി എറണാകുളത്ത് എത്തിയത്. എന്നാൽ പഞ്ചായത്ത് കൈമലർത്തിയതോടെ ഉദയം പേരൂർ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഇടപെട്ടിട്ടും ക്വാറൻറീൻ സൗകര്യം ഒരുക്കാൻ സെക്രട്ടറി നടപടി സ്വീകരിച്ചില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.
തുടർന്ന് പൊലീസ് നേരിട്ട് ദിശയിൽ ബന്ധപ്പെട്ടു. അവിടെ നിന്നും കിട്ടിയ നിർദ്ദേശം അനുസരിച്ച് അസിസ്റ്റൻറ് കളക്ടർക്ക് കത്തു നൽകാൻ വീണ്ടും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് സെക്രട്ടറി കത്ത് നൽകാൻ പോലും തയ്യാറായതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കളക്ടർക്ക് സമർപ്പിക്കും. സെക്രട്ടറിയുടെ നടപടിയെ തള്ളി പഞ്ചായത്ത് ഭരണസമിതിയും രംഗത്ത് വന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam