അട്ടപ്പാടിയിൽ നവജാത ശിശു മരിച്ച സംഭവം: സബ് കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

By Web TeamFirst Published Feb 5, 2021, 8:49 AM IST
Highlights

വൈകീട്ട് മൂന്നു മണിയോടെ വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് വിളിച്ചെങ്കിലും എത്തിയത് എട്ടു മണിയ്ക്ക്. കുഞ്ഞിനെ ആമ്പുലൻസിലേക്ക് കയറ്റി വെൻറിലേറ്റർ കണക്ഷൻ കൊടുക്കുന്നതിനിടെ മരിച്ചു.

വയനാട്: അട്ടപ്പാടിയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തിൽ സ്പെഷ്യൽ ഓഫീസർ ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് അടിയന്തിരമായി ലഭ്യമാക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അട്ടപ്പാടി മെഡിക്കൽ ഓഫീസർ അറിയിച്ചു.

വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വൈകിയതിനാൽ ഇന്നലെയാണ് റാണി നിസാംദന്പതികളുടെ പെൺകുഞ്ഞ് ജനിച്ച്
മണിക്കൂറുകൾക്കകം മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാരറ സ്വദേശി റാണിയ്ക്ക് പെൺകുഞ്ഞ് ജനിയ്ക്കുന്നത്. കുഞ്ഞിന് ശ്വസന സംബന്ധമായ തകരാർ കണ്ടതോടെ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റി. എന്നാൽ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോവേണ്ടതുണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് വിളിച്ചെങ്കിലും എത്തിയത് എട്ടു മണിയ്ക്ക്. കുഞ്ഞിനെ ആമ്പുലൻസിലേക്ക് കയറ്റി വെൻറിലേറ്റർ കണക്ഷൻ കൊടുക്കുന്നതിനിടെ മരിച്ചു. കൃത്യ സമയത്ത് ആംബുലൻസ് എത്തിയിരുന്നുവെങ്കിൽ കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകാൻ കഴിയുമായിരുന്നു. എന്നാൽ മനപൂർവ്വം വൈകിയതല്ലായെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

പാലക്കാട് - മലപ്പുറം ജില്ലകളിലേക്കോയി ഇത്തരം സൗകര്യമുള്ള ഒരു ആമ്പുലൻസ് മാത്രമേയുള്ളു. അതും സ്വകാര്യ ആശുപത്രിയിൽ. അട്ടപ്പാടിയിലേക്ക് ആവശ്യപ്പെട്ട സമയത്ത് മറ്റൊരു കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയതാണെന്നും അതിന് ശേഷം ഉടൻ തന്നെ അട്ടപ്പാടിയിൽ എത്തിചെന്നും അധികൃതർ പറയുന്നു. ആദിവാസി മേഖലയിലെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നവജാത ശിശു പരിപാലനത്തിന് വെൻറിലേറ്റർ ഇല്ലെന്ന പരാതി ക്കിടേ ആണ് പുതിയ സംഭവം. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് അട്ടപ്പാടി സ്പെഷ്യൽ ഓഫീസർ ചുമതലവഹിക്കുന്ന ഒറ്റപ്പാലം സബ് കളക്ടർ ഇന്നുതന്നെ സംസ്ഥാന സർക്കാരിന് കൈമാറും. അത്യാഹിത ഉപകരണങ്ങളുടെ ആവശ്യം വീണ്ടും ഉന്നയിക്കുന്നു മെന്ന് അട്ടപ്പാടി മെഡിക്കൽ ഓഫീസർ ഡോ.പ്രഭുദാസ് അറിയിച്ചു.

click me!