
തൃശ്ശൂർ: പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂർ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂർ പള്ളിയിലെ ക്രിസ്മസ് കരോൾ പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു.
നടപടി വിവാദമായപ്പോൾ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലംമാറ്റം നൽകിയത് എതിർപ്പിന് ഇടയാക്കി. സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ടീയ പാർട്ടികളുടെയും എതിർപ്പ് മറികടന്നാണ് അന്ന് എസ്.ഐയെ സംരക്ഷിച്ചത്. പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കത്ത് നൽകിയിരുന്നു. പാലയൂർ പള്ളിയിലെ വിശ്വാസികളും എസ്.ഐയുടെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിയ നടപടി. എതിർപ്പുകളെ വെല്ലുവിളിച്ച് എസ്ഐക്ക് ആദ്യം ഇഷ്ട സ്ഥലംമാറ്റം കൊടുത്ത മേലുദ്യോഗസ്ഥർക്കും തിരിച്ചടിയായി ഇപ്പോഴത്തെ നടപടി.
പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് പള്ളി വളപ്പിൽ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിക്കാതിരുന്നത്. പരിപാടിയ്ക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. നിർദ്ദേശം ലംഘിച്ച് കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ചാവക്കാട് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam