അർബുദ രോഗിയെ ബുദ്ധിമുട്ടിച്ചു, സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ; പിരിച്ചുവിടാൻ മന്ത്രിയുടെ നിർദ്ദേശം

Web Desk   | Asianet News
Published : Aug 12, 2020, 11:05 AM IST
അർബുദ രോഗിയെ ബുദ്ധിമുട്ടിച്ചു, സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ; പിരിച്ചുവിടാൻ മന്ത്രിയുടെ നിർദ്ദേശം

Synopsis

ജയലക്ഷ്മിക്ക് എതിരെ പ്രതിഷേധം ഉയർന്നതോടെ മന്ത്രി നേരിട്ട് സനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. പിന്നാലെയാണ് നടപടിയെടുത്തത്. വിശദമായ അന്വേഷണം നടത്തി ജയലക്ഷ്മിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം:  ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാനെത്തിയ കട്ടപ്പന സ്വദേശി സനീഷിനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി. മരണാസന്നനായിരുന്ന സനീഷ് കിടപ്പുരോഗിയുമായിരുന്നു. ആംബുലൻസിലാണ് രജിസ്ട്രാർ ഓഫീസിലെത്തിയത്. എന്നാൽ രോഗിയെ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള ഓഫീസിലേക്ക് എത്തിക്കാൻ ജയലക്ഷ്മി നിർബന്ധം പിടിച്ചു. തുടർന്ന് കസേരയിൽ സനീഷിനെ ഓഫീസിലെത്തിച്ചു. ഇതിന് തൊട്ടടുത്ത ദിവസം സനീഷ് മരണത്തിന് കീഴടങ്ങി. ജയലക്ഷ്മിക്ക് എതിരെ പ്രതിഷേധം ഉയർന്നതോടെ മന്ത്രി നേരിട്ട് സനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. പിന്നാലെയാണ് നടപടിയെടുത്തത്. വിശദമായ അന്വേഷണം നടത്തി ജയലക്ഷ്മിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

"കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്. കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ  കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെന്റ് ചെയ്തു. ആസന്ന മരണം കാത്തിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. 

വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന്  നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല. വകുപ്പുകളുടെയും ചട്ടങ്ങളുടെയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ അനുതാപത്തിന്റെ ചക്രവാളം കൂടി കാണാൻ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക്  കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല" എന്നും മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണു, 23 കാരിയുടെ പരാതിയിൽ നടപടി
ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്