ജീവിത മാർഗം ദുരിതാശ്വാസ നിധിയിലേക്ക്; ആടിനെ വിറ്റ് പണം നല്‍കിയ സുബൈദക്ക് നിറഞ്ഞ കൈയ്യടി

By Web TeamFirst Published Apr 25, 2020, 11:18 PM IST
Highlights

ആടുകളെ വിറ്റ പണത്തില്‍ നിന്നും 5510 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തെങ്കിലും സംതൃപ്തി ആയില്ലെന്നാണ് സുബൈദ പറയുന്നത്. 

കൊല്ലം: തന്‍റെ ജീവിത മാർഗം ആയിരുന്ന ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒരാൾ ഉണ്ട് കൊല്ലം ജില്ലയിൽ . കൊല്ലം പോർട്ട് സ്വദേശിയായ 60കാരി സുബൈദ. രണ്ട് ആടുകളെയാണ് സുബൈദ വിറ്റത്.  
മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് സുബൈദ ആടിനെ വിറ്റ് പണം നല്‍കിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്

വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി സുബൈദയുടെ നന്മയെക്കുറിച്ച് മാധ്യമങ്ങളോട് പങ്കുവച്ചത്. ഇന്ന് ഉണ്ടായ ഒരു അനുഭവം തന്‍റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപയാണ് കൈമാറിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.  സുബൈദയുടെ നല്ല മനസിനെ മുഖ്യമന്ത്രി  പ്രശംസിച്ചു. 

സുബൈദയുടെ  സഹജീവികളോടുള്ള കരുണ നിറഞ്ഞ പ്രവര്‍ത്തിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ കൈയ്യടിയാണ് കിട്ടുന്നത്. എന്നാല്‍ ആടുകളെ വിറ്റ പണത്തില്‍ നിന്നും 5510 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തെങ്കിലും സംതൃപ്തി ആയില്ലെന്നാണ് സുബൈദ പറയുന്നത്. കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം മുടങ്ങാതെ കാണും. അപ്പോഴാണ് കൈനീട്ടം കിട്ടിയ പൈസയൊക്കെ കുട്ടികൾ മുഖ്യമന്ത്രിയ്ക്ക് നൽകുന്നത് അറിയുന്നത്. എല്ലാവരോടും സഹായിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട് . എന്നാൽ പിന്നെ തനിക്കാകുന്നത് ചെയ്താലോ എന്നാലോചിച്ചതെന്ന് സുബൈദ പറയുന്നു. 

ആഗ്രഹമുണ്ടെങ്കിലും കൊടുക്കാൻ കയ്യിൽ പണമില്ല. എന്ത് വേണമെന്ന് ഭർത്താവുമായി ആലോചിച്ചു. ചായക്കടയിൽ നിന്ന് കിട്ടിയിരുന്ന വരുമാനം ലോക്ക് ഡൗണ് ആയതിനാൽ ഇപ്പൊ കിട്ടുന്നില്ല. എന്നാൽ പിന്നെ ഉള്ളതിൽ നിന്ന്‌ രണ്ട് ആടിനെ വിൽക്കാൻ തീരുമാനിച്ചു . അങ്ങനെ ആടിനെ വിറ്റ് കിട്ടിയ പണത്തിൽ നിന്ന് ഒരു വിഹിതം കളക്ടറെ നേരിൽ കണ്ട് ഏല്പിച്ചു. ഈ കൊടുത്തത് കൊണ്ട് തീർന്നില്ല ചായ കച്ചവടം തുടങ്ങിയ ശേഷം വീണ്ടും കൊടുക്കുമെന്നാണ് സുബൈദ പറയുന്നത്.

"

click me!