
ആലപ്പുഴ: 90 ദിവസത്തിനുള്ളില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും രണ്ട് സംഘടനകളില്‍ നിന്നും പുറത്താക്കി ജയിലില്‍ അടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരുന്ന തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട സുഭാഷ് വാസു പറഞ്ഞു.
മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ താന്‍ നയിക്കുന്ന ബിഡിജെഎസില്‍ ചേരുമെന്നും. വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ താന്‍ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാര്‍ത്ഥി എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി ജയിലില്‍ പോകണമെന്നാഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി കുടുംബത്തിന്‍റെ തട്ടിപ്പുകള്‍ മറച്ചു വയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തോല്‍പിക്കാന്‍ വെള്ളാപ്പള്ളിയും തുഷാറും ചേര്‍ന്ന സമാന്തര പ്രവര്‍ത്തനം നടത്തി. ബിഡിജെഎസിനേയും എസ്എന്‍ഡിപിയേയും മുന്‍നിര്‍ത്തി രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഇരുവരും നടത്തിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കും. കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ അവകാശം ഉന്നയിച്ചു കൊണ്ട് എന്‍ഡിഎയെ സമീപിക്കും.
ബിഡിജെഎസിന്‍റെ രജിസ്ട്രേഷന്‍ പ്രകാരം താനാണ് അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകള്‍ തന്‍റെ പക്കലുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തലകുത്തനെ നിന്നാലും ബിഡിജെഎസ് എന്ന പാര്‍ട്ടിയും പേരും കിട്ടില്ല. രണ്ടു മാസം മുന്‍പേ തന്നെ അമിത് ഷായ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. മക്കാവു ദ്വീപില്‍ തുഷാറിന് ഫ്ളാറ്റ് ഉണ്ടെന്ന മുന്‍ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സുഭാഷ് വാസു പറഞ്ഞു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ബിഡിജെഎസ് ആരാണെന്ന് വരും ദിവസങ്ങളില്‍ അമിത് ഷാ യും സംസ്ഥാന ബിജെപി നേതൃത്വവും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam