ആകാശവും ഭൂമിയും സാക്ഷിയായി; സുബ്ഹാന് ഇന്ന് ഒന്നാം പിറന്നാൾ

By Web TeamFirst Published Aug 17, 2019, 5:57 PM IST
Highlights

സാജിതയുടെ സുബ്ഹാന്റെ ഒന്നാം പിറന്നാൾ ആണിന്ന്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കമാൻഡർ വിജയ് വർമയും ഭാര്യയും സമ്മാനങ്ങളുമായി സുബ്ഹാന് കാണാൻ സാജിതയുടെ വീട്ടിലെത്തിയിരുന്നു. 

ആലുവ: 2018 ഓഗസ്റ്റ് 17 രാവിലെ ഒമ്പതുമണി...പ്രളയം മുക്കിയ കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നാവികസേന ഉദ്യോ​ഗസ്ഥർക്ക് സന്ദേശമെത്തി, പൂർണ ​ഗർഭിണിയായ ആലുവ ചെങ്ങമനാട് കളത്തിങ്ങൽ സാജിത ജബീലി(25)യെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന്... വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ പള്ളിയുടെ ടെറസിൽ അഭയം തേടിയിരിക്കുകയായിരുന്നു സാജിത.

പ്രസവമടുത്തതിനാൽ എത്രയും പെട്ടെന്ന് സാജിതയ്ക്ക് വൈദ്യസഹായം എത്തിക്കുക എന്നതായിരുന്നു നേവി ഉദ്യോ​ഗസ്ഥരുടെ മുന്നിലുണ്ടായിരുന്ന ഏകലക്ഷ്യം. പിന്നീട് ഒട്ടും വൈകിയില്ല, കയറിൽ തൂക്കി സാജിതയെ ഹെലിക്കോപ്റ്ററിൽ കയറ്റി. നേരേ ആശുപത്രി മുറ്റത്തേക്ക് പറന്നിറങ്ങി. തൊട്ടടുത്ത ദിവസം നാവികസേനയുടെ വെല്ലിങ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ സാജിത ആൺകുഞ്ഞിനു ജന്മം നൽകി. സാജിതയുടെ മകന്‍ സുബ്ഹാന്റെ ഒന്നാം പിറന്നാൾ ആണിന്ന്.

രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കമാൻഡർ വിജയ് വർമയും ഭാര്യയും സമ്മാനങ്ങളുമായി സുബ്ഹാന് കാണാൻ സാജിതയുടെ വീട്ടിലെത്തിയിരുന്നു. സുബ്ഹാന്റെ പിറന്നാളിന് എല്ലാവരും വീട്ടിൽ വന്നതിന് വളരെ സന്തോഷമുണ്ടെന്ന് സാജിത പറഞ്ഞു. അന്ന് ഹെലിക്കോപ്റ്റർ കയറിലൂടെ കയറിയതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോഴും പേടിയാണെന്നും സാജിത കൂട്ടിച്ചേർത്തു.  

ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു പൂർണ ​ഗർഭിണിയായൊരു യുവതി പള്ളിയുടെ ടെറസ്സിൽ കുടുങ്ങിക്കിടക്കുന്ന വിവരം ലഭിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുക എന്നത് വളരെ അപകടം നിറഞ്ഞതായിരുന്നു. കുറച്ച് നേരം തെരച്ചിൽ നടത്തിയതിന് ശേഷമാണ് സാജിതയെ കണ്ടെത്താൻ കഴിഞ്ഞത്. അടിയന്തര ഘട്ടമായതിനാൽ മറ്റൊന്നും ആലോചിക്കാതെ സാജിതയെ കയറിൽ തൂക്കിയെടുക്കുകയായിരുന്നുവെന്നും വിജയ് വർമ പറഞ്ഞു.

click me!