
ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ പരിഹാസവുമായി മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ. ജി സുധാകരൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും സഹതാപത്തിന്‍റെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്നും എ വിജയരാഘവൻ വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ ജി സുധാകരന് മരിക്കും വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് പാര്‍ട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ. ജി സുധാകരന് ദുരാഗ്രഹമാണെന്നും അതിനൊപ്പം പാര്‍ട്ടിക്ക് നിൽക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
മനുഷ്യ നന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് ജി സുധാകരന്‍റെ ഭാഗത്തുനിന്നുണ്ടായത്. ചരിത്രത്തിലാദ്യമായിട്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാള്‍ വലതു പക്ഷത്തേക്ക് പോകുന്നത്. സുധാകരൻ വി.ഡി. സതീശന്‍റെയും കെ.സി വേണുഗോപാലിന്‍റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് യുഡിഎഫ് അമ്പലപ്പുഴ ബ്ലോക്ക് ജനറൽ ബോഡിയിൽ പങ്കെടുത്തു. എന്തുകൊണ്ട് ജി സുധാകരന് പിന്തുണ നൽകിയെന്നത് ഉള്‍പ്പെടെ വിശദീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. ഇതിനിടെയാണ് അമ്പലപ്പുഴയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിടെ എ വിജയരാഘവൻ ജി സുധാകരനെതിരെ തുറന്നടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam