
കന്യാകുമാരി: ലോകപ്രശസ്ത അൾട്രാ ഡിസ്റ്റൻസ് റണ്ണർ സൂഫിയ സൂഫി നടത്തുന്ന 'റൺ ഫോർ ഡ്രീംസ്' (Run for Dreams)കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് കന്യാകുമാരിയിൽ നിന്നും കാരക്കോറം വരെയുള്ള 5,000 കിലോമീറ്റർ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തതത്. യുവാക്കൾക്ക് നിർഭയമായി സ്വപ്നം കാണാനും രാജ്യത്തിന്‍റെ പുരോഗതിക്കായി നിലകൊള്ളാനും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റൺ ഫോർ ഡ്രീംസ് നടത്തുന്നത്.
88 ദിവസങ്ങളിലായി ഏകദേശം 5,000 കിലോമീറ്ററാണ് താണ്ടുക. 18,000 അടി ഉയരത്തിലുള്ള കാരക്കോറം വരെയാണ് ഓട്ടം. ഈ പാതയിലൂടെ ഓടുന്ന ആദ്യ വ്യക്തിയായി സൂഫിയ മാറും. രാജ്യത്തിന്‍റെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള വിവിധ യുദ്ധസ്മാരകങ്ങളിലൂടെ ഈ യാത്ര കടന്നുപോകും. കാർഗിൽ വിജയ് ദിവസ് ദിനത്തിൽ സൂഫിയ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് സൈനികർക്ക് ആദരമർപ്പിക്കും. അഞ്ച് ഗിന്നസ് വേൾഡ് റെക്കോർഡുകൾക്ക് ഉടമയായ സൂഫിയയുടെ ആറാമത്തെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര. ധൈര്യത്തോടും അച്ചടക്കത്തോടും നിശ്ചയദാർഢ്യത്തോടും കൂടി പിന്തുടർന്നാൽ അസാധ്യമായ ഒന്നുമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ യാത്രയെന്ന് സൂഫിയ പ്രതികരിച്ചു.
നേരത്തെ കാശ്മീർ മുതൽ കന്യാകുമാരി വരെയും, ഗോൾഡൻ ക്വാഡ്രിലാറ്ററൽ പാതയിലൂടെയും, മണാലി മുതൽ ലേ വരെയും ഓടി ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൂഫിയ സൂഫി. മനുഷ്യസഹജമായ പരിമിതികളെ മറികടന്നുകൊണ്ടുള്ള ഈ സാഹസിക യാത്ര ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam