Latest Videos

'ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങും മരണാനന്തരം പാടില്ല': സുഗതകുമാരി

By Web TeamFirst Published Jun 13, 2019, 10:30 AM IST
Highlights

ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രംമതിയെന്നും സുഗതകുമാരി വിവരിച്ചു

തിരുവനന്തപുരം: മരണാനന്തരം മതപരമായ ചടങ്ങുകളും സര്‍ക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയത്രി സുഗതകുമാരിയുടെ പ്രഖ്യാപനം. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും  അവര്‍ വ്യക്തമാക്കി. മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും സുഗതകുമാരി മാതൃഭൂമിക്ക് നല്‍കിയ അഭുമുഖത്തിലൂടെ അറിയിച്ചു.

മരണശേഷമുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുന്‍ഗാമികളുടെ പാതയാണ് സുഗതകുമാരിയും തെരഞ്ഞെടുത്തിരിക്കുന്നത്. മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്ന് ചുണ്ടികാട്ടിയ അവര്‍ അത്തരം ശവപുഷ്പങ്ങള്‍ എന്‍റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും വ്യക്തമാക്കി.

ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രംമതിയെന്നും സുഗതകുമാരി വിവരിച്ചു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.
ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണെന്നും സഞ്ചയനവും പതിനാറും വേണ്ടെന്നും കവയത്രി വ്യക്തമാക്കി. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

click me!