പ്രകൃതിക്ക് നോവുമ്പോൾ മലയാളി കേട്ട പ്രവചന സ്വരം; സുഗതകുമാരി അരങ്ങൊഴിയുമ്പോൾ ബാക്കിയാവുന്നത്

By Web TeamFirst Published Dec 23, 2020, 11:46 AM IST
Highlights

കാലഘട്ടത്തിൽ നിന്ന് ഒരില അടര്‍ന്ന് വീഴുന്ന പോലെയാണ് സുഗത കുമാരി അരങ്ങൊഴിയുന്നത്. ചുറ്റുപാടുകളിൽ ശൂന്യതയുടെ വലിയൊരു ചുഴി ബാക്കിയാക്കി. 

പ്രകൃതിക്ക് നോവുമ്പോഴെല്ലാം മലയാളി കേട്ട പ്രവചന സ്വരമായിരുന്നു സുഗത കുമാരി. സാംസ്കാരിക കേരളത്തിന്റെ മനസാക്ഷിയെ പ്രകൃതി സംരക്ഷണത്തിൽ അണിചേര്‍ക്കുക മാത്രമല്ല , ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും നിന്ന് സമര വീര്യത്തിന് കൂടിയാണ് തിരശീല വീഴുന്നത്, 

ബോധേശ്വര പൈതൃകത്തിൽ നിന്ന് പകര്‍ന്നു കിട്ടിയ ഓംകാര മന്ത്രത്തിന്‍റെ കരുത്തിലേക്ക് അതീവ മനോഹരമായ അക്ഷരങ്ങളെ കൊരുത്തിട്ട കവി മാത്രമായിരുന്നില്ല മലയാളിക്ക് സുഗത കുമാരി. പുതുമഴ കണ്ട് വരൾച്ചയും പാൽചിരി കണ്ട് മൃതിയും മറന്ന്, പാവം മാനവ ഹൃദയത്തെ താലോലിച്ചിരുന്ന കവി ഒരുനാൾ പൊടുന്നനെ പരിസ്ഥിതി പ്രവര്‍ത്തകയായി. എഴുപതുകളുടെ അവസാനം നിശബ്ദ താഴ്വയരിയിൽ നാന്പിട്ട അതി നിസ്സഹായമായ പ്രതിഷേധ വാര്‍ത്ത കേട്ട് ഉള്ളു പൊള്ളിയപ്പോൾ ഇടപെടാതിരിക്കാൻ സുഗതകുമാരിക്ക് കഴിയില്ലായിരുന്നു. 

വരു ഇവിടൊരു കവിയുടെ കുറവുണ്ടെന്ന സൈലന്റ് വാലി പ്രതിഷേധക്കാരുടെ ക്ഷണം കേട്ട് വെറുതെ ചെന്നിരിക്കുകയായിരുന്നില്ല, വിളിച്ചാൽ വരുന്നവരേയും കണ്ടാലറിയുന്നവരേയും എല്ലാം സുഗതകുമാരി കൂടെ കൂട്ടി.  സൈലന്റ് വാലിയെ സംരക്ഷിക്കാൻ സാംസ്കാരിക കേരളത്തെ അവര്‍ ഐക്യപ്പെടുത്തി.  പ്രണായാര്‍ദ്രമായിരുന്ന കവിതകൾ അവിടുന്നിങ്ങോട്ട് പ്രതിഷേധ പടച്ചട്ടയണിഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു. ഭരണകൂടത്തിന് മുട്ടുമടക്കാതെ തരമില്ലായിരുന്നു, കേരളത്തിന്റെ സ്നേഹച്ചൂടിൽ കുന്തിപ്പുഴ ശാന്തമായി ഒഴുകി,  സൈരന്ധിയിലെ മഴക്കാടുകൾ മനസ്സറിഞ്ഞു നിശ്വസിച്ചു , സമരം ജയിച്ചു. പിന്നെ സൈലന്റ് വാലി ഒരു പ്രതീകമായി . കവിയും കലാകാരനും പരിസ്ഥിതി സ്നേഹിയും എല്ലാം കൈകോര്‍ത്തപ്പോൾ കേരളത്തിന് കാവലിരിക്കാൻ പ്രകൃതി സംരക്ഷണ സമിതി ഉണ്ടായി. 

പിന്നീട് പതിറ്റാണ്ടുകൾ പലത് പെയ്തൊഴിഞ്ഞെങ്കിലും തുടങ്ങി വച്ചതൊന്നും വഴിയിലവര്‍ ഉപേക്ഷിച്ച് കളഞ്ഞില്ല. പ്രകൃതിക്ക് നൊന്തപ്പോഴെല്ലാം തൂലിക പടവാളായി. എണ്ണിയാലൊടുങ്ങാത്ത സമര മുഖങ്ങളിൽ സുഗത കുമാരിക്ക് പിന്നിൽ കേരള മനസാക്ഷി അണിനിരന്നു. കവി പാടിയ പോലെ മംഗളശ്യാമ മഹാവിപിനങ്ങളും മാറുചേര്‍ന്നൊഴുകുന്ന പുഴയുമെന്ന പോലെ പലപ്പോഴും പ്രകൃതിയും പെണ്ണും ഇഴചേര്‍ന്നു.  

പൂയംകുട്ടിയും ജീരകപ്പാറയും തുടങ്ങി മൂവൂരും കൂടംകുളവും വിളപ്പിൽ ശാലയും വരെ.  എത്രയെത്ര പ്രതിഷേധങ്ങൾ , തുറന്നെഴുത്തുകൾ മുതൽ മഹാമൗനങ്ങൾ വരെ എന്തൊക്കെ തരം സമര രീതികൾ ? അവസാനമവസാനം ആറൻമുളയിലെ പാടം നികത്തി വിമാനത്താവളം പണിയാനിറങ്ങിയപ്പോൾ വരെ അനാരോഗ്യത്തോട് പടവെട്ടി സുഗത കുമാരി വയൽ വരന്പിൽ കാവലിരുന്നു 

എന്റെ കൂടപ്പിറപ്പുകളേ നിങ്ങളെൻ ലോകത്തെ എന്തുചെയ്തു എന്ന് നിരന്തരം കലഹിച്ചു. ഒരു പിടി മണ്ണ് സംരക്ഷിക്കാത്തവൻ ഒരു കുമ്പിൾ ജലം സംരക്ഷിക്കാത്തവൻ എങ്ങനെയാണ് ഒരു സംസ്കാരത്തെ സംരക്ഷിക്കുന്നതെന്ന് വേവലാതിപ്പെട്ടു. 

കാലഘട്ടത്തിൽ നിന്ന് ഒരില അടര്‍ന്ന് വീഴുന്ന പോലെയാണ് സുഗത കുമാരി അരങ്ങൊഴിയുന്നത്. ചുറ്റുപാടുകളിൽ ശൂന്യതയുടെ വലിയൊരു ചുഴി ബാക്കിയാക്കി. 

click me!