
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്പോൾ നിയമം കയ്യിലെടുക്കാൻ പെണ്ണുങ്ങൾ മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നതിൽ യാതൊരു ദോഷവുമില്ലെന്ന് സുഗതകുമാരി. അങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് സർക്കാരും സമൂഹവുമാണ്. ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് ഭാഗ്യലക്ഷ്മിക്കും കൂടെയുള്ളവർക്കും എല്ലാ പിന്തുണയും സുഗതകുമാരി അറിയിച്ചു.
പൊലീസ് എന്തെങ്കിലും ചെയ്യുമോ, കോടതി എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ലെന്നും കൂടുതൽ കൂടുതൽ പേർ അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സുഗതകുമാരി പറഞ്ഞു. സ്ത്രീകൾക്കെതിരായി അതിക്രമങ്ങളും അശ്ലീല പ്രചാരണവും നടത്തുന്നവർക്കെതിരെ ശക്തമായി കേസെടുക്കണം. പ്രതികരിക്കുന്ന സ്ത്രീകൾ തിരികെ കേസുണ്ടായാലും അഭിമുഖീകരിക്കാൻ തയ്യാറായിത്തന്നെയാണ് അതിന് നിർബന്ധിതരാകുന്നത്.
വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാൻ വിജയ് പി നായർ സന്നദ്ധനായിരുന്നു. എന്നാൽ നിലപാട് എന്ന രീതിയില്‍ അത്തരം പ്രതികരണങ്ങള്‍ ആവശ്യമില്ലെന്ന് ന്യൂസ് അവര്‍ തീരുമാനിക്കുകയായിരുന്നു
സുഗതകുമാരിയുടെ വാക്കുകൾ
ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്‍റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെ അഭിനന്ദനം, നന്ദി, സ്നേഹം എല്ലാം അറിയിക്കുന്നു. കാരണം ഞങ്ങൾക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങൾ നിയമം കയ്യിലെടുത്തുപോകും.
പൊലീസ് എന്തെങ്കിലും ചെയ്യുമോ, കോടതി എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ല. കൂടുതൽ കൂടുതൽ പേർ അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കും. നിയമം കയ്യിലെടുക്കാൻ പെണ്ണുങ്ങൾ മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നതിൽ യാതൊരു ദോഷവുമില്ല.
ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടതാണ്. അവർക്കെതിരെ (ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവർക്കും) എന്തെങ്കിലും കേസ് വന്നാലും ഞങ്ങൾ സഹിക്കും. അഭിമുഖീകരിക്കാൻ തയ്യാറായിത്തന്നെയാണ് ഉള്ളത്.
വീണ്ടും വീണ്ടും ഇങ്ങനത്തെ കാര്യങ്ങൾ ഉണ്ടാകാൻ ഇടവരുത്തരുത്. സർക്കാർ അതിശക്തമായ നടപടിയെടുക്കണം. പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്. അതിന് സമൂഹം മുന്നോട്ടുവരണം. ഇത്തരം കാര്യങ്ങളിൽ സർക്കാർ പെണ്ണുങ്ങളുടെ പക്ഷത്ത് നിൽക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam