തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. നേരിട്ട അപമാനങ്ങളോട് സന്ധി ചെയ്യാത്തവർ അതിജീവിതകളല്ല, അപരാജിതകളാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട്: തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ രൂക്ഷമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. 'അതിജീവിത' എന്ന വാക്കിനെ പരിഹസിക്കുന്നവർക്ക് മറുപടിയായാണ് സൗമ്യ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്. നേരിട്ട അപമാനങ്ങളോട് സന്ധി ചെയ്യാത്ത അവര്‍ അതിജീവിതകളല്ലെന്നും അപരാജിതകൾ ആണെന്നും സൗമ്യ കുറിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകളെ പുച്ഛിച്ചു തള്ളിക്കൊണ്ടാണ് സൗമ്യ സംസാരിച്ചത്. ഇത്തരം പോസ്റ്റുകൾ തന്നെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അത് നിർമ്മിക്കുന്നവരുടെ വൃത്തികെട്ട മുഖമാണ് അതിലൂടെ വെളിവാകുന്നതെന്ന് അവർ പറഞ്ഞു.
സൈബർ ആക്രമണം നടത്തുന്നവരുടെ ചിന്താഗതി എത്രത്തോളം വിഷലിപ്തമാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. 'ഒരു മാങ്കൂട്ടം മാത്രമേ നിലവിൽ അഴിക്കുള്ളിൽ ആയിട്ടുള്ളൂ, അതിനേക്കാൾ വിഷമുള്ള പലരും പുറത്തുണ്ട്' എന്നും സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികളുടെ ജീവിതപങ്കാളികളെ ഇക്കിളി പോസ്റ്റുകളിലൂടെ അപമാനിച്ചാൽ പിന്തിരിഞ്ഞോടും എന്ന് കരുതുന്നവർക്ക് തെറ്റുപറ്റി. 'ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേർന്ന 'സൗമ്യ സരിൻ' ആണ്' എന്ന ശക്തമായ താക്കീതോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ സൗമ്യ സരിനെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം കടുത്തിരുന്നു. ഇതോടെ അവര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.
ആരേയും കാണേണ്ടെന്ന് രാഹുൽ
ഇതിനിടെ മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പ്രവർത്തകൻ കാണാനെത്തി. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ജയിലിൽ എത്തിയത്. എന്നാൽ തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു. അടൂരിൽനിന്ന് പ്രവർത്തകരാണ് ജയിലിൽ എത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ നിന്ന് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം.


