തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ സമരം 14 ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി.
ജോലി അല്ലെങ്കില്‍ മരണം. ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്.
ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറില്‍ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാര്‍ഥി ദേഹത്തൊഴിച്ചു.
വെള്ളം ചീറ്റിയും പിടിച്ചുമാറ്റിയും പൊലീസ് നടപടി. ഫയര്‍ഫോഴ്സെത്തി റോഡ് അടക്കം കഴുകി. ആംബുലൻസിൽ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുള്ള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ഥികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam