
കോഴിക്കോട്: കോഴിക്കോട് പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം. സംഭവത്തില്‍ ജിസ്നയുടെ ഭര്‍തൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.
ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ജിസ്നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ജിസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ജിസ്നയും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരിന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി.
ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയത്. ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും മനസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തില് ഭര്‍ത്താവ് ശ്രീജിത്തിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനാണ് ബാലുശ്ശേരി പോലീസിന്‍റെ തീരുമാനം. അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജിസ്നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്നയും ശ്രീജിത്തും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകന്‍ ശ്രീജിത്തിനൊപ്പമാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam