ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യ; 3 വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : Jan 15, 2025, 03:12 PM ISTUpdated : Jan 15, 2025, 05:52 PM IST
ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യ; 3 വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും

Synopsis

പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസിൽ ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ എന്നിവരാണ് പ്രതികൾ. 

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ ആത്മഹത്യയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്‍ വഞ്ചിച്ചെന്ന കേസില്‍ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും ഇതോടൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ പ്രേരണകേസിലെ മൂന്ന് പ്രതികളുടെയും അറസ്റ്റ് പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു.

എൻഎം വിജയന്‍റയും മകന്‍റെയും മരണത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസില്‍ പ്രേരണകുറ്റം ചുമത്തിയിരിക്കുന്നത് എംഎല്‍എ ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ്. ക്രമസമാധാന പാലത്തിനിടെയുള്ള അന്വേഷണത്തേക്കാള്‍ പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് പൊലീസിന്‍റെ അഭ്യർത്ഥനപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. അന്വേഷണ ഏജന്‍സി മാറുന്നത് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതോടൊപ്പം സായൂജ്, പത്രോസ് താളൂർ, ഷാജി എന്നിവർ നല്‍കിയ വഞ്ചനകേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, എന്നിവരുടെ വാദമാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ നടന്നത്. നാളെ കെകെ ഗോപിനാഥന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം നടക്കും. ആത്മഹത്യ കുറിപ്പിനൊപ്പം കുടുംബം പുറത്തുവിട്ട കത്തുകളുടെ അടിസ്ഥാനത്തിൽ പ്രേരണകുറ്റം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പ്രതികളുടെ വാദം. ആത്മഹത്യ കുറിപ്പില്‍ ചില വരികള്‍ വെട്ടിയ നിലയിലാണ്. മകന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയതത് അന്വേഷിക്കണം. പത്ത് ദിവസത്തിന് ശേഷം കത്ത് പൊലീസിന് കൈമാറിയാല്‍ മതിയെന്നത് ബ്ലാക്ക് മെയിലിങ് ഉദ്ദേശ്യമാണെന്നും ഐസി ബാലകൃഷ്ണന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. സാമ്പത്തിക ഇടപാടുകളില്‍ നേരത്തെ എൻഎം വിജയന്‍ തന്നെ സമർപ്പിച്ച സത്യവാങ്മൂലം പ്രേരണകുറ്റത്തില്‍ അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതെന്നായിരുന്നു എൻഡി അപ്പച്ചന്‍റെ കോടതിയിലെ വാദം. 

ഐസി ബാലകൃഷ്ണന് ഹൃദ്രോ​ഗവും എൻഡി അപ്പച്ചന് ക്യാൻസറുമായി ബന്ധപ്പെട്ട ചികിത്സയിലുമാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ഇടപെടില്ലെന്നും പ്രതികളെ സ്വാധീനിക്കില്ലെന്നും ഐസി ബാലകൃഷ്ണന്‍റെ അഭിഭാഷകൻ പറഞ്ഞു. ആയിരം പേജോളം വരുന്ന കേസ് ഡയറിയാണ് ഇന്ന് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. 

സമാധി വിവാദം; മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി,'സംശയാസ്പദമായ സാഹചര്യമുണ്ട്'

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്