
തിരുവനന്തപുരം: തിരുവനന്തപുരത്തെ പിജി ഡോക്ടറായ ഷഹ്നയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഡോ ഷഹ്നയുടെ മരണത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.
അതേസമയം, ഷഹ്നയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായി. മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹ്നയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർദം കടുക്കുകയായിരുന്നു. റുവൈസ് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെത്തിച്ച റുവൈസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam