
തിരുവനന്തപുരം: നാവായിക്കുളത്ത് മൊബൈൽ അഡിക്ഷൻ താങ്ങാനാവാതെ ആത്മഹത്യചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീത ബാൻഡുകൾക്ക് അടിയമയായ തനിക്ക് പഠനത്തിൽ ശ്രദ്ധചെലുത്താനാവുന്നില്ലെന്ന് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്.
പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി പാസായ മിടുമിടുക്കിയാണ് ജീവ. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്നു. അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബം. ജീവാ മോഹന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ്. ആറ് താളുകളിലായി വലിയ ഒരു കുറിപ്പ് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി, പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല, ഉറ്റകൂട്ടുകാരില്ല തുടങ്ങിയ വിഷമങ്ങളാണ് കത്തിൽ പറയുന്നത്.
സാധാരണ കാണും പോലെ ഓൺലൈൻ സൗഹൃദങ്ങളോ ഓൺലൈൻ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെൺകുട്ടിക്കില്ലെന്ന് പൊലീസ് പറയുന്നു. കൂടുതൽ വ്യക്തതവരുത്താൻ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും. മൊബൈൽ ഫോൺ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam