മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് തിരിക്കൽ, പരസ്യ അപമാനം, നോവായി ആശിര്‍ നന്ദ; സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാനിരക്കിൽ ഇരട്ടി വര്‍ധനവ്

Published : Sep 16, 2025, 01:07 PM IST
suicide rate among students

Synopsis

സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാനിരക്കിൽ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരട്ടി വര്‍ധനവ്. ആത്മഹത്യയെ കുറിച്ച് ഡിയര്‍ സിന്ദഗി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത് 

കൊച്ചി: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാനിരക്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായത് 50 ശതമാനത്തിന്‍റെ വർധനവ്. സ്കൂളിലും കുടുംബത്തിലും സങ്കീർണമാകുന്ന ചുറ്റുപാടുകളും, കുട്ടികളുടെ മാറുന്ന മനശാസ്ത്രം അറിയാതെ പോകുന്നതുമാണ് ഈ സ്വയം കൊലയ്ക്ക് പിന്നിൽ. സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത പാലക്കാട്‌ ശ്രീകൃഷ്ണപുരത്തെ ആശിർനന്ദയുടെ കുടുംബം ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണ്. 2022- 23 വർഷത്തിൽ കോഴിക്കോട് മാത്രം 53 കുട്ടികളാണ് ജീവനൊടുക്കിയത്. പാലക്കാട് ശ്രീകൃഷ്ണപുരം തച്ചനാട്ടുകരയിലെ വീട്ടിൽ ആശിർനന്ദ എന്ന പൊന്നുമകളുടെ മരണത്തിൽ ഇന്നും നീതി കിട്ടാതെ വെന്തുനീറുകയാണ് മാതാപിതാക്കളായ പ്രശാന്തും സജിതയും. പുതുമണം മാറാത്ത ഒൻപതാം ക്ലാസിലെ റെക്കോർഡ് ബുക്കും ഇനിയുമേറെ വരച്ച് തീർക്കാനുള്ള ഡ്രോയിംഗ് ഷീറ്റുകളും ഉപേക്ഷിച്ചാണ് ആശിർനന്ദ പോയത്. ഇടം വലം അവളെ അച്ഛനും അമ്മയും ചേർത്ത് പിടിച്ചെങ്കിലും സ്കൂളിലെ അധ്യാപകരിൽ നിന്ന് നേരിട്ട പരിഹാസം ആ കുഞ്ഞുമനസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

 

രണ്ടുമാസത്തിലധികം നീണ്ട താക്കീതും സമ്മര്‍ദവും

 

ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആശിര്‍നന്ദ. 2025 ജൂണ്‍ 23നായിരുന്നു സംഭവം. അന്നാണ് കൂട്ടുകാർക്കിടയിൽ നിന്ന് പേര് ഉറക്കെ വിളിച്ച് അദ്ധ്യാപകർ ആശിർനന്ദയെ ക്ലാസിൽ നിന്നും മാറ്റി നിർത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് പാലക്കാട് ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം, 2025 ഏപ്രിൽ മാസം മുതൽ തുടങ്ങിയതാണ് താക്കീതും സമ്മർദ്ദവും. സ്കൂൾ നിശ്ചയിക്കുന്ന മാർക്ക് ഇല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം ഒൻപതിൽ നിന്ന് എട്ടാം ക്ലാസിലേക്ക് മാറാമെന്ന് സ്കൂള്‍ അധികൃതര്‍ നിർബന്ധിച്ച് എഴുതി വാങ്ങിയിരുന്നു. എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ച് പഠനത്തിലേക്ക് മാത്രമായി അവൾ ചുരുങ്ങി. രണ്ട് മാസങ്ങൾക്കിപ്പുറം ജൂൺ 22ന് പരീക്ഷാ ഫലം വന്നു. ഒൻപതാം ക്ലാസിൽ തുടരാനുള്ള മാർക്കുണ്ടെന്നും ഇനിയും മിടുക്കിയാകണമെന്നും ക്ലാസ് ടീച്ചർ അമ്മയുടെ ഫോണിൽ വിളിച്ചറിയിച്ചു. കൂട്ടുകാർക്കൊപ്പം തന്നെ പഠിക്കാമെന്ന സന്തോഷവും ആശ്വാസവുമായി. എന്നാൽ, പിറ്റേന്ന് സ്കൂളിൽ ചെന്ന് കയറിയ ദിവസമാണ് മാർക്ക് അടിസ്ഥാനത്തിൽ വീണ്ടും പരസ്യമായ വേർതിരിക്കൽ നടന്നത്. മാർക്ക് കുറഞ്ഞ കുട്ടികളെ ഉൾപ്പെടുത്തി പുതിയതായി 9ഇ എന്ന ഡിവിഷൻ തുടങ്ങി. നാല്പത് വിദ്യാർത്ഥികളുള്ള ആ ക്ലാസിൽ അഞ്ച് പെൺകുട്ടികളാണുണ്ടായിരുന്നത്. അതിൽ അന്ന് ആശിർനന്ദ മാത്രമാണ് സ്കൂളിൽ വന്നത്. പരസ്യമായ അപമാനത്തിൽ ഒറ്റപ്പെടലിൽ ആ 13 വയസ്സുകാരി തളർന്നുപോയി. വീട്ടിലേക്ക് മടങ്ങിയ അന്ന് വൈകുന്നേരമാണ് അവള്‍ ആ കടുംകൈ ചെയ്തത്. പിന്നാലെ ടീച്ചർമാർക്കെതിരായ ആശിർനന്ദയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. എന്നിട്ടും ഒന്നരമാസത്തിനുശേഷമാണ് മുൻ പ്രിൻസിപ്പൾ ജോയ്സി, അധ്യാപകരായിരുന്ന സ്റ്റെല്ലാ ബാബു, അർച്ചന എന്നിവര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്.

ഈ സിബിഎസ്ഇ സ്കൂളിന്‍റെ കുട്ടികളോടുള്ള കണ്ണിൽചോരയില്ലാത്ത സമീപനങ്ങളിൽ മനംമടുത്ത് രണ്ട് വർഷം മുൻപ് മകളുടെ സ്കൂൾ മാറ്റം ആലോചിച്ചതാണ് പ്രവാസിയായ പ്രശാന്തും സജിതയും. എന്നാൽ, കൂട്ടുകാരെ പിരിയാനുള്ള സങ്കടത്തിൽ ആശിർനന്ദ കരഞ്ഞ് പറഞ്ഞതോടെയാണ് വലിയ ഫീസ് നൽകി ഇവിടെ തന്നെ ഹൈസ്കൂളിൽ തുടർന്നത്. എന്നിട്ടും അവളേറെ സ്നേഹിച്ച സ്കൂൾ അവളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി. സയൻസ് വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് കുട്ടികളെ ക്ലാസ് മാറ്റിയതെന്നും ആശിർനന്ദയെ മാത്രം ലക്ഷ്യമിട്ടായിരുന്നല്ല നടപടികൾ എന്നുമാണ് സെന്‍റ് ഡൊമിനിക് സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധിയുടെ വിശദീകരണം. സെന്‍റ് ഡൊമിനിക് സ്കൂൾ പോലെ മാർക്ക് മാത്രം അടിസ്ഥാനമാക്കി പെർഫക്ട് പ്രൊഡക്ടുകളെ വാർത്തെടുക്കാനുള്ള കച്ചവട തന്ത്രങ്ങളാണ് ആശിർ നന്ദയുടെ ജീവനെടുത്തത്. കൗമാര ആത്മഹത്യ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇന്ന്. ഓൺലൈൻ ഗെയിം അഡിക്ഷൻ മുതൽ മാനസിക സമ്മർദ്ദം വരെ നേരിട്ടുകൊണ്ട് കുട്ടികള്‍ ജീവനൊടുക്കുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ വിവിധ ജില്ലകളിൽ നിന്ന് കൗമാര ആത്മഹത്യകളെക്കുറിച്ചാണ് കേള്‍ക്കുന്നത്.

 

കുട്ടികള്‍ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥ

 

2022-23 വർഷത്തിൽ മാത്രം കോഴിക്കോട് ജില്ലയിൽ 12നും 17 വയസിനും ഇടയിൽ 53 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 40 കുട്ടികളുടെ ഉറ്റവരെ കണ്ട് ആത്മഹത്യയുടെ കാരണം തേടി. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ ഗവേഷകർ നടത്തിയ സൈക്കോ സോഷ്യൽ ഓട്ടോപ്സിയിലൂടെ ആത്മഹത്യ ചെയ്ത കുട്ടികൾ നേരിട്ട കടുത്ത അരക്ഷിതാവസ്ഥയാണ് പുറത്ത് വന്നത്. ആത്മഹത്യ ചെയ്തവരിൽ സമൂഹത്തോട് ഉത്കണ്ഠ പ്രകടിപ്പിച്ചവർ 35ശതമാനമാണ്. 52.5ശതമാനം പേരും ഉള്ളിലെ വികാരങ്ങൾ കുടുംബവുമായി പങ്ക് വെയ്ക്കാൻ വിമുഖരായിരുന്നു. 72.5ശതമാനം പേർക്കും വിമർശങ്ങളെ ഭയമായിരുന്നു. 67.5ശതമാനം കുട്ടികളും തുടർച്ചയായി സമ്മർദ്ദങ്ങളിലൂടെ കടന്ന് പോയവരാണ്. മൊബൈൽ ഫോൺ ആസക്തി മുതൽ കുടുംബപ്രശ്നങ്ങൾ വരെ ഇവരെ അലട്ടി. സമൂഹത്തിലും കുടുംബത്തിനും സ്കൂളിനുമിടയിൽ ഉണ്ടായ വലിയ വിടവുകൾക്കിടയിൽ ചില കുട്ടികളെങ്കിലും ഒറ്റയ്ക്കിരിക്കുകയാണ്. ഇതിനെല്ലാത്തിനും ഒരു വഴിയുണ്ടെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഓർമിപ്പിക്കാൻ ചുറ്റുപാടുകൾക്ക് കഴിയുന്നില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവി രാജേഷ്, തിരുവനന്തപുരം മേയർക്ക് ആശംസ അറിയിച്ച് പിണറായി
പ്രേക്ഷകർക്ക് നന്ദി, വോട്ടെണ്ണൽ ദിനം തൂക്കി ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗിൽ വൻ മുന്നേറ്റം, 142 പോയിന്റുമായി ഒന്നാമത്