
തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചു റോജി എം ജോൺ എംഎൽഎ. അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോൺ എംഎൽഎ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിൽ റോജി സംസാരിച്ചത്. പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പൊലീസ് മർദിച്ചതെന്നും റോജി എം ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികൾ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കിൽ പുറം ലോകം അറിയുമായിരുന്നോ. സസ്പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത്. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. ആദ്യം എടുത്തത് സ്ഥലം മാറ്റം മാത്രമായിരുന്നു. പൊലീസ് ക്ലബിലെ പഞ്ചിങ് ബാഗിൽ ഇടിക്കും പോലെ സുജിത്തിനെ ഇടിച്ചു. മർദിച്ചവരെ സേനയിൽ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാൻ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
സിസിടിവിക്ക് മുന്നിൽ പൊലീസ് കാശ് എണ്ണി വാങ്ങുകയാണ്. കമ്മീഷൻ 60% ആക്കി കൂട്ടിയിരിക്കുകയാണ് സേന. കാശ് വാങ്ങിയ എസ്ഐക്ക് പ്രൊമോഷൻ നൽകി. കുണ്ടറയിൽ സൈനികനെ തല്ലി ചതച്ചു. ഒന്നും മറക്കാനില്ലെങ്കിൽ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് വരെ പൊലീസിൽ നിന്ന് രക്ഷ ഇല്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ കള്ളി ആക്കാൻ ശ്രമിച്ചു. കുടി വെള്ളം പോലും ബിന്ദു വിനു കൊടുത്തില്ല. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണ്. കുന്നം കുളം കേസിൽ മാത്രം സസ് പെൻഷൻ. ബാക്കി ഒന്നിലും നടപടി ഇല്ല. എല്ലാം പഴയ കേസ് എന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്നും റോജി എം ജോൺ പറഞ്ഞു.
എന്നാൽ കുന്നംകുളം സംഭവം പഴയതാണെന്നും നേരത്തെ തന്നെ അച്ചടക്ക നടപടി എടുത്തുവെന്നും ഭരണപക്ഷ എംഎൽഎ സേവ്യർ ചിറ്റിലപള്ളി പ്രതികരിച്ചു. ഇത് എന്തിനാണ് സഭ നിർത്തി ചർച്ച ചെയ്യുന്നത്. വിഷയം കൊണ്ട് വന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. പൊലീസ് ആകെ കുഴപ്പമെന്ന് വരുത്താനുള്ള ശ്രമമാണെന്നും സേവ്യർ ചിറ്റിലപള്ളി പറഞ്ഞു. ഒരു അടിയന്തര പ്രാധാന്യവും ഇല്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമുള്ള വിഷയമാണ്. യുഡിഎഫിന് വിഷയ ദാരിദ്ര്യം. പൊലീസ് അതിക്രമം എൽഡിഎഫ് ഒരു ഘട്ടത്തിലും ന്യായീകരിക്കുന്നില്ല. പൊലീസാകെ കുഴപ്പം എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. കുറ്റം ചെയ്ത ആരേയും സംരക്ഷിക്കില്ല. അതിക്രമം കാണിക്കുന്നത് യുഡിഎഫ് നയങ്ങളിൽ ആകൃഷ്ടരായ പൊലീസുകാരാണ്. അത്തരക്കാരെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടര വർഷം പ്രതിപക്ഷം എവിടെ ആയിരുന്നു. കാരക്കൂട്ടിൽ ദാസന്റെ കഥ പോലെ ആണ് ഇപ്പോ നടക്കുന്നതെന്നും സേവ്യർ ചിറ്റിലപള്ളി പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. എന്ത് ചെയ്താലും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് പൊലീസിന്. ബിരിയാണിയുടെ പേരിൽ കരണമടിച്ച് പൊട്ടിക്കുന്ന പൊലീസ് ആണ്. കംപ്ലെയിന്റ് അതോറിറ്റി പിരിച്ച് വിടണം. സ്ഥലം മാറ്റം നടപടിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. പൊലീസ് സേനയിൽ മുന്നേറ്റം വിസ്മരിക്കാനാകില്ലെന്നായിരുന്നു ഇ ചന്ദ്രശേഖരന്റെ പരാമർശം. രാജ്യത്ത് പൊലീസ് ഒന്നാമതാണ്. കുറ്റാന്വേഷണ മികവ് മറക്കരുത്. ഇടതുമുന്നണിയുടെ പൊലീസ് നയം ജനപക്ഷ നയം ആണ്. കൊവിഡ് പ്രളയകാലത്തെ സേവനങ്ങൾ മറക്കാനാകില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ടെന്നും അത്തരക്കാർക്ക് എതിരെ നടപടിയും എടുത്തുവെന്നും ഇ ചന്ദ്ര ശേഖരൻ പറഞ്ഞു. പൊലീസിലെ ക്രിമിനലുകൾ ചെറുതാണെങ്കിലും എല്ലാ കാലത്തും ഉണ്ട്. പിരിച്ചു വിടാൻ നടപടി ക്രമങ്ങൾ ഉണ്ടെന്നും ഇ ചന്ദ്ര ശേഖരൻ പറഞ്ഞു. എൽഡിഎഫ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ചന്ദ്ര ശേഖരൻ പറഞ്ഞു.
കരുണാകരന്റെ കാലത്ത് പൊലീസിനെ കയറൂരി വിടാനാണോ തീരുമാനം എന്ന് സഭയിൽ ചോദിച്ച യുവ എംഎൽഎ ഇന്നത്തെ ആഭ്യന്തര മന്ത്രിയാണെന്നായിരുന്നും ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യം. അതിക്രമങ്ങളെ കുറിച്ച് പറയുമ്പോ അത് മുൻപെങ്ങോ ഉണ്ടായതല്ലേ എന്ന് ചോദിക്കുന്നത് ശരിയാണോ. പൊതുവത്കരിച്ച് ലാഘവത്തോടെ കാണരുത്. ജനമൈത്രി അല്ല, ഗുണ്ട മൈത്രി പൊലീസ് ആണ് സംസ്ഥാനത്ത്. പൊലീസിന്റെ മനോവീര്യത്തെക്കാൾ പ്രധാനമാണ് സാധാരണക്കാരന്റെ അന്തസ്സ്. ഇപ്പോഴത്തെ പൊലീസുകാർ ഇഎൻടി സ്പെഷ്യലിസ്റ്റുകളാണ്. നല്ല ചെവി കണ്ടാൽ അപ്പോൾ അടിക്കും. പൊലീസിനെ ഇടനിലക്ക് വരെ ഉപയോഗിക്കുന്നു. ആർഎസ്എസ് നേതാവിനെ എംആർ അജിത് കുമാർ കണ്ടത് ആർക്ക് വേണ്ടി ആണെന്നും ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ നടന്ന് പോയവർ തിരിച്ച് വരുന്നത് ആംബുലൻസിലാണെന്ന് കെകെ രമ പറഞ്ഞു. ജനമൈത്രി സ്റ്റേഷൻ കൊല മൈത്രി സ്റ്റേഷനാകുന്നു. സ്റ്റേഷനുകൾ മൂന്നാംമുറ കേന്ദ്രങ്ങളാകുകയാണ്. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പാണെന്നും കെകെ രമ പറഞ്ഞു. ചർച്ച ചെയ്യുന്നത് പൊലീസ് നയത്തെ കുറിച്ചാണെന്നും പിണറായി പൊലീസ് എങ്ങനെ പെരുമാറുന്നു എന്നാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മൂവ്വാറ്റുപുഴയിൽ പൊലീസിനെതിരെ പരാതി മുക്കിയത് സിപിഎം പ്രാദേശിക നേതാവാണ്. പൊലീസ് സ്റ്റേഷനിൽ കയറി ഉറങ്ങി അച്ചാരം കൊടുക്കുകയാണ് സിപിഎം നേതാവ്. പൊലീസിനെ കയറൂരി വിടരുത്. പൊലീസ് പറയുന്ന എന്തും വിശ്വസിക്കുന്ന സംവിധാനം ആണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.