രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാതെ ജി.സുകുമാരൻ നായർ

By Web TeamFirst Published Jan 12, 2021, 5:24 PM IST
Highlights

 സുകുമാരൻ നായരെ കാണാൻ എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കൾക്കും കോൺ​​ഗ്രസ് നേതാക്കൾക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.  

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് നായർ സർവ്വീസ് സൊസൈറ്റ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുകുമാരൻ നായരെ കാണാൻ എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കൾക്കും കോൺ​​ഗ്രസ് നേതാക്കൾക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.  

മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരൻ നായരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും എൻഎസ്എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ്‌ നേതാക്കളും നേരിൽ കണ്ടു ച‍ർച്ച നടത്താൻ ശ്രമിച്ചെങ്കിലും അവ‍ർക്കും സുകുമാരൻ നായർ അനുമതി നൽകിയില്ല. ഇപ്പോൾ രാഷ്ട്രീയ ച‍ർച്ചകളൊന്നും വേണ്ടെന്നാണ് നിലപാടെന്നാണ് എൻഎസ്എസ് നൽകുന്ന അനൗദ്യോ​ഗിക വിശദീകരണം.  

തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫ് സമുദായിക നേതൃത്വവുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നുണ്ട്.  കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കൂടാതെ മുസ്ലീംലീഗിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടിയും വിവിധ സമുദായനേതാക്കളെ നേരിൽ കണ്ടിരുന്നു. കേരള പര്യടനത്തിൻ്റെ ഭാഗമായി 14 ജില്ലകളും സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലകളിലും പ്രധാന സമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ സഭാ നേതാക്കളുമായി ബിജെപിയും ഇപ്പോൾ സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്. 

click me!