
പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് ലോക്കായ ജീവിതങ്ങൾ വാർത്ത പരമ്പരയ്ക്ക് പിന്നാലെ വളളിക്കോട് സ്വദേശി സുമയക്ക് കോന്നി എംഎൽഎ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറി. കെയു ജനീഷ്കുമാറിന്റെ കരുതൽ ഭവനം പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ചടങ്ങ്.
ലോക്ക്ഡൗണിൽ വഴിമുട്ടിയ ജീവിതങ്ങളെ പറ്റിയുള്ള വാർത്ത പരന്പരയിലാണ് തൊഴിൽ നഷ്ടപ്പെട്ട ദുരിതകയത്തിൽകഴിഞ്ഞ സുമയുടെ കഥ സംപ്രേക്ഷണം ചെയ്തത്. വാർത്തക്ക് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ എംഎൽഎ വീടിന് തറക്കല്ലിട്ടിരുന്നു. അധ്യാപകനായ രാജേഷ് ആക്ലേത്താണ് വീട് നിർമ്മാണത്തിനുള്ള മുഴുവൻ പണവും മുടക്കിയത്.
നിന്നുതിരിയാൻ ഇടമില്ലാത്ത മുറികൾ, പൊളിഞ്ഞു വീഴാറായ ചുവരുകൾ, ചോരുന്ന മേൽക്കൂര. 2021 ജൂൺ മാസത്തിൽ വള്ളിക്കോട് വാഴമുട്ടത്ത് ഞങ്ങൾ കണ്ട സുമയുടെ വീട് അങ്ങനെ ആയിരുന്നു. ലോക്ക്ഡൗണിൽ തൊഴിൽ ഇല്ലാതെ വഴിമുട്ടിയ ജീവിതങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പരമ്പരയിലൂടെ തുറന്ന് കാട്ടിയപ്പോൾ സുമയുടെ ജീവിതം തന്നെ മാറി.
വാർത്ത സംപ്രേക്ഷണം ചെയ്ത് 32 മത്തെ മണിക്കൂറിൽ കോന്നി എംഎൽഎ കെയു ജനീഷ് പുതിയ വീടിന് തറക്കല്ലിട്ടു. ഏഴ് മാസങ്ങൾക്കിപ്പുറം കരിപുരണ്ട ജീവിത്തിൽ നിന്ന് മോചനം നേടിയിരിക്കുകയാണ് സുമയും മക്കളും. അധ്യാപകനായ രാജേഷ് ആക്ലേത്തിന്റെ നേതൃത്വത്തിൽ വാഴമുട്ടം നാഷണൽ യുപി സ്കൂൾ മാനേജ് മെന്റാണ് വീട് നിർമ്മിച്ചത്. പുത്തൻ പ്രതീക്ഷകളുമായി സുമയും മക്കളും നാളെ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam