
ഗുരുവായൂർ: ഗുരുവായൂരിൽ ഞാറാഴ്ച്ച കല്യാണ മേളം. 345 വിവാഹങ്ങളാണ് ഗുരുവായൂരമ്പലനടയിൽ നടത്താൻ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തുന്നത്.
ഞായറാഴ്ച ഗുരുവായൂരിൽ നിന്നു തിരിയാൻ ഇടമുണ്ടാവില്ല. 350 ലേറെ കല്യാണങ്ങളാണ് അമ്പല നടയിൽ നടക്കാൻ പോകുന്നത്. ഇന്ന് ഇതുവരെ ബുക്ക് ചെയ്തത് 345 കല്യാണങ്ങളാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെയും ബുക്കിങ്ങിന് സമയമുണ്ട്. അപ്പോഴേക്കും 350 കടക്കുമെന്നാണ് ദേവസ്വം കണക്കുകൂട്ടൽ. കഴിഞ്ഞ കൊല്ലം ഓണക്കാലത്ത് നടന്ന 227 കല്യാണമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതാണ് ഈ വർഷം തിരുത്താൻ പോകുന്നത്.
ചിങ്ങ മാസത്തിലെ ഒടുവിലത്തെ ഞായറാഴ്ച്ചയും വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ചോതി നക്ഷത്രവും ചേർന്നതാണ് തിരക്കിത്ര ഏറിയതെന്ന് ജോതിഷികളും പറയുന്നു. നിലവിൽ മൂന്ന് മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്. തിരക്കേറുമ്പോൾ അധികമായി ഒന്നുകൂടി വയ്ക്കും. ഇത്തവണത്തെ തിരക്ക് മറികടക്കാൻ കൂടുതൽ കരുതൽ എടുക്കണോ എന്ന് ആലോചിക്കുകയാണ് ദേവസ്വം. ഗതാഗത നിയന്ത്രണത്തിന് പൊലീസും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവം കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്രം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുന്‍പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് കഴിഞ്ഞ വർഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.
തിരക്കിനെ നിയന്ത്രിക്കാൻ പുതിയ തീരുമാനം ഒരു പരിധി വരെ സഹായിക്കുമെന്നാണ് നിരീക്ഷണം. നൂറിലേറെ ഓഡിറ്റോറിയങ്ങള്‍ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഓഡിറ്റോറിയങ്ങള്‍ നല്‍കാനാകാതെ ഉടമകളും കല്യാണ പാര്‍ട്ടികളും ബുദ്ധിമുട്ടുന്നതും ഇവിടെ സാധാരണമാണ്.
https://www.youtube.com/watch?v=Ko18SgceYX8