പൂരം തകർത്തതിന്‍റെ മുഖ്യസൂത്രധാരൻ സുനിൽകുമാറെന്ന് ബി ഗോപാലകൃഷ്ണൻ; 'കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു'
യഥാര്‍ത്ഥത്തില്‍ പൂരം കലക്കാൻ ശ്രമിച്ചത് ആരാണന്ന് പുറത്തുവരണമെന്നും അതില്‍ ബിജെപി നേതാക്കള്‍ക്ക് എന്തിനാണ് ഇത്ര പ്രശ്നമെന്നുമായിരുന്നു വിഎസ് സുനില്‍കുമാറിന്‍റെ മറുപടി
തൃശൂര്‍:തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്‍റെ മുഖ്യ സൂത്രധാരൻ വിഎസ്‍ സുനില്‍കുമാറും പൊലീസുമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. 2016ല്‍ പൂരത്തിന്‍റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ൽ പൂരത്തിന്‍റെ അന്തകനായി എത്തി. പൂരത്തിന്‍റെ അന്തകനാണ് സുനില്‍കുമാറെന്ന് ജനം തിരിച്ചറിഞ്ഞതനാലാണ് തോല്‍പ്പിച്ചത്. സുനിലിന് ഇപ്പോള്‍ മനോവിഭ്രാന്തി ബാധിച്ചതിനാലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
പൂരം കലക്കിയിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സുനിൽ ശ്രമിച്ചത്.പൂരം അലങ്കോലമാക്കിയതിൽ സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ബിജെപി പുറത്തുവിടും.പൂരം കലക്കിയതിൽ ഹൈക്കോടതിയിലും സർക്കാരിനും പരാതി നൽകിയത് താനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പിവി അന്‍വര്‍ കേരളത്തെ ഞെട്ടിച്ച ആരോപണം ഇനി ശൂന്യാകാശത്തായിരിക്കുമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ അറയുടെ താക്കോൽ ശശിയുടെയും എഡിജിപിയുടെയും കൈയിലാണെന്നും മുഖ്യമന്ത്രിയുടെ വീടിന്‍റെ കാവൽക്കാരൻ എഡിജിപിയാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. എം.വി ഗോവിന്ദൻ നട്ടെല്ലുണ്ടെങ്കിൽ ശശിയെയും എഡിജിപിയെയും മാറ്റിനിർത്തണം.ഇല്ലെങ്കിൽ സിപിഎം കൊള്ളക്കാരുടെ പാർട്ടിയാവും. സിപിഎ്മിലെ കൊട്ടാര വിപ്ലവമാണ് അൻവറിന്‍റെ വെളിപ്പെടുത്തലും ജയരാജന്‍റെ പുറത്താകലും. അന്‍വറിന്‍റെ വാക്കുകളാണ് സുനില്‍കുമാറിന്‍റെ വാക്കുകള്‍.പൂരം അട്ടിമറിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചന നടത്തിയെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.
യഥാര്‍ത്ഥത്തില്‍ പൂരം കലക്കാൻ ശ്രമിച്ചത് ആരാണന്ന് പുറത്തുവരണമെന്ന് സുനിൽ കുമാര്‍
അതേസമയം, ബി ഗോപാലകൃഷ്ണന്‍റെ ആരോപണം തള്ളി വിഎസ്‍ സുനില്‍കുമാര്‍ രംഗത്തെത്തി. പ്രസ്താവനയെ ചിരിച്ചു തള്ളുകയാണെന്നും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.ഗോപാലകൃഷ്ണനെ കുറിച്ച് എനിക്ക് നന്നായി അറിയാം. നിങ്ങൾക്ക് അറിയാം. നാട്ടുകാർക്കും അറിയാം.സ്ഥലം മാറ്റിയ കമ്മീഷണറുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ എന്നോട് പറഞ്ഞത് എന്‍റെ രാഷ്ട്രീയ മര്യാദ കൊണ്ട് പുറത്തു വിടുന്നില്ല.
പൂരം തകർത്ത് തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയും എന്ന ഫോർമുല ബിജെപിയുടേതാണ്. പൂരം തകർത്ത് ഇടതുപക്ഷം ജയിക്കും എന്നുള്ള ധാരണ ആർക്കെങ്കിലും ഉണ്ടോയെന്നും സുനില്‍ കുമാര്‍ ചോദിച്ചു. തൃശൂര്‍ പൂരത്തിന്‍റെ സമയത്ത് ബി ഗോപാലകൃഷ്ണന് പാലക്കാടിന്‍റെ ചുമതലയായിരുന്നു. ഗോപാലകൃഷ്ണൻ ഇവിടെ വന്നത് മറ്റെന്തെങ്കിലും കാര്യത്തിനാണ് എന്ന് താൻ പറയുന്നില്ല. പൂരം കലക്കിയത് ആരാണെന്ന് പുറത്തുവരുന്നതിൽ ബിജെപി നേതാക്കള്‍ക്ക് എന്തിനാണ് ഇത്ര പ്രശ്നം?
യഥാർത്ഥത്തിൽ പൂരം കലക്കാൻ ശ്രമിച്ചത് ആരാണെന്ന് പുറത്തുവരണം. ഇടതുമുന്നണിയിലെ സിപിഐ നേതാക്കളാരും പൂരം കലക്കികളുടെ കൂട്ടത്തിലുണ്ടാവില്ല.ബി ഗോപാലകൃഷ്ണ ഉൾപ്പെടെയുള്ളവർക്ക് എന്തെങ്കിലും പേടി ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞു കൊള്ളണം. മുൻ കമ്മീഷണറുടെ രാഷ്ട്രീയ ബന്ധം ഗോപാലകൃഷ്ണൻ പുറത്തു പറയട്ടെ. വെടിക്കെട്ട് രാത്രി നടത്താതിരിക്കുകയും പകൽ പൂരത്തിനൊപ്പം നടത്തുകയും ചെയ്യണമെന്ന് ഫോർമുല ആയിരുന്നു അന്ന് വച്ചിരുന്നത്.
പകൽ പൂരം കൂടി പ്രതിസന്ധിയിൽ ആക്കാനുള്ള ഗൂഢാലോചന നടന്നു അസാധാരണമായി സംഭവം നടക്കുകയും ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യുമ്പോൾ സംശയം തോന്നാം. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചുവന്നും സുനില്‍ കുമാര്‍ പറഞ്ഞു.