
ദില്ലി/തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ജി സുധാകരന്‍റെ വാര്‍ത്താസമ്മേളനം ശ്രദ്ധാപ്പൂര്‍വം കേട്ടു. സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ജി സുധാകരന്‍റെ നീക്കം. ഇക്കാര്യത്തിൽ സിപിഎമ്മിന് മറുപടിയുണ്ടാകില്ല. ജി സുധാകരനെ അമ്പലപ്പുഴയിൽ പിന്തുണക്കുന്ന കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ജി സുധാകരനുമായി ബന്ധപ്പെട്ടിട്ടില്ല. മത്സരിക്കുമെന്നത് ഗൗരവമായി കാണുന്നു. മറ്റു നേതാക്കള്‍ സുധാകരനുമായി സംസാരിച്ചോയെന്ന് അറിയില്ല.പിന്തുണ നൽകുന്ന കാര്യത്തിൽ വിശദമായി ചർച്ച നടക്കുമെന്നും പെരുമ്പാവൂരിന്‍റെ കാര്യത്തിൽ ഒരു സസ്പെൻസ് ഇല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാർഥികാലം മുതൽ ജി.സുധാകരനെ അറിയാം. കുടുംബങ്ങൾ തമ്മിൽ പരസ്പരം അറിയാം. ജി.സുധാകരൻ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവാണ്. മൂല്യങ്ങൾ ഉയർത്തിപ്പിച്ച നേതാവാണ് സുധാകരൻ.
എല്ലാ കാലത്തും ജനാധിപത്യ മര്യാദ കാണിച്ച നേതാവാണ്. അദ്ദേഹത്തോട് പാർട്ടി കാണിച്ചത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുകളോട് പോലും ചെയ്യാൻ പാടില്ലാത്തത് സിപിഎം ജില്ലാ നേതൃത്വം ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി പാർട്ടി സഖാക്കൾ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങൾ ആണ് മുഖ്യമന്ത്രി ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടി അദ്ദേഹത്തെ അപമാനിച്ച് അക്ഷേപിച്ച് പുകച്ച് പുറത്തു ചാടിച്ചു. അദ്ദേഹത്തിന്‍റെ സഹോദരൻ രക്തസാക്ഷിയാണ്. അദ്ദേഹത്തിന്‍റെ ഓർമ്മകൾ ആണ് അദ്ദേഹം പറയുന്നത്. സിപിഎമ്മിന്‍റെ ചരിത്രം ഇതാണ്. ഗൗരിയമ്മയ്ക്കും എം.വി.രാഘവനും ഉണ്ടായത് ഇതേ അനുഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam