
തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച മിഥുന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഥുന്റെ ദാരുണ മരണം വളരെയധികം വേദനാജനകമാണ്. ഈ സംഭവത്തിൽ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇതിന് ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കണം. ഒരു കുടുംബത്തിൻറെ പ്രതീക്ഷയാണ് ഇല്ലാതായത്. മിഥുന്റെ കുടുംബത്തെ എല്ലാവിധത്തിലും സഹായിക്കാൻ സർക്കാർ തയ്യാറാകണം.
വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കാരണം രണ്ട് വിദ്യാർത്ഥികളുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടപ്പെട്ടത്. നിലമ്പൂരിൽ അനധികൃതമായുള്ള പന്നിക്കെണിയിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുനും ജീവൻ നഷ്ടമായി. ഇടതു ഭരണത്തിൽ സർക്കാരിൻറെ എല്ലാ വകുപ്പുകളിലും അനാസ്ഥയും കെടുകാര്യസ്ഥതയും പ്രകടമാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam