അത് നുണബോബ്, ആ കത്ത് വ്യാജം, ഖർഗെക്ക് കെപിസിസി ലെറ്റർ ഹെഡിൽ സുധാകരനെ മാറ്റാനായി കത്തയച്ചിട്ടില്ല; വ്യാജ വാർത്തക്കെതിരെ പരാതി നൽകിയെന്ന് സണ്ണി ജോസഫ്

Published : Apr 06, 2026, 09:08 PM ISTUpdated : Apr 06, 2026, 09:11 PM IST
Sunny Joseph

Synopsis

കെ സുധാകരനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താൻ എഐസിസി അധ്യക്ഷന് കത്തയച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സണ്ണി ജോസഫ്. കെപിസിസിയുടെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ കത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം: കെ പി സി സിയുടെ ഔദ്യോഗിക ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ കെ പി സി സി അധ്യക്ഷനും പേരാവൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായി സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ഡി ജി പിക്കും പരാതി നൽകി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കണ്ണൂരിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന് വിജയസാധ്യത കുറവാണെന്നും കാട്ടി സണ്ണി ജോസഫ് എ ഐ സി സിക്ക് അയച്ച കത്തെന്ന പേരിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നത്. പരാജയഭീതി കാരണം രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന നുണ ബോംബാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഈ നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ നിന്ന് ഈ വ്യാജ സന്ദേശം ഉടനടി നീക്കം ചെയ്യണമെന്നും കെ പി സി സി അധ്യക്ഷൻ പരാതിയിൽ ആവശ്യപ്പെട്ടു.

കെ പി സി സി അറിയിപ്പ് ഇപ്രകാരം

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെ പി സി സിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യാജവാര്‍ത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് കത്തുനല്‍കി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം. ഈ വ്യാജവാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടര്‍മാരുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ താന്‍ എതിര്‍ത്തുവെന്ന തരത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജകത്തിന്റെ ലക്ഷ്യം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഒരു കത്തും താന്‍ തയ്യാറാക്കുകയോ എ ഐ സി സി അധ്യക്ഷന് നല്‍കുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജകത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയില്‍ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.സമൂഹമാധ്യമ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ പേരില്‍ ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത്. കണ്ണൂര് മണ്ഡലത്തിലേക്കെന്ന് മാത്രമല്ല, സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തില്‍ ഒന്നില്‍ പോലും ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് താന്‍ കത്തുനല്‍കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമാണ് തന്റെ പേരില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജകത്ത്. പരാജയഭീതി കാരണം രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന നുണ ബോംബ് മാത്രമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. വ്യാജകത്തിലെ ഉള്ളടക്കം അപകീര്‍ത്തികരവും ഐ ടി ആക്റ്റ് 2000, ഐ ടി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈനുകള്‍ & ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) 2021 ബി എന്‍ എസ് ആക്റ്റ്, ജനപ്രതിനിധിത്വ നിയമം 1950, പെരുമാറ്റചട്ടം എന്നിവയുടെ ലംഘനവുമാണ്. അതിനാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളും അതിന്റെ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്നും ഇത്തരമൊരു വ്യാജകത്ത് ഉണ്ടാക്കിയവര്‍ക്കെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടെടുപ്പിന് മുമ്പുള്ള 48 മണിക്കൂര്‍, റേഡിയോ പ്രചാരണങ്ങൾ പോലും പാടില്ല, നിശബ്ധ പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം'; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി