
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനറുടെ അഭിപ്രായ പ്രകടനം ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണെന്നും തിരുവനന്തപുരം കോർപ്പറേഷനിലടക്കം മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്നലെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നും സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ അടൂർ പ്രകാശ് പറഞ്ഞിരുന്നു. അടൂർ പ്രകാശിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനമുയർന്നു. ഇതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ്, മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam