
പേരാവൂര്‍: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍. മലയോര പ്രദേശങ്ങള്‍ നിറഞ്ഞ പേരാവൂര്‍ മണ്ഡലത്തില്‍ അന്നാട്ടുകാര്‍ തന്നെയായ കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫും (യുഡിഎഫ്), സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചറും (എല്‍ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിഡിജെഎസിലെ പൈലി വാത്യാട്ട് ആണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. തുടര്‍ച്ചയായ നാലാം എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ട് സണ്ണി ജോസഫ് ഇറങ്ങുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ചുമതലയാണ് പേരാവൂരിലെ മുന്‍ എംഎല്‍എ കൂടിയായ ശൈലജയെ സിപിഎം ഏല്‍പിച്ചിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളായ ഇരിട്ടി നഗരസഭയും ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പേരാവൂര്‍ നിയമസഭ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതിന് കനത്ത തിരിച്ചടി ഈ മേഖലയില്‍ കിട്ടിയിരുന്നു.
കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ട എന്ന വിശേഷണമുള്ള മണ്ഡലമാണ് പേരാവൂര്‍. 2006-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ ഡി മുസ്‌തഫയെ (കോണ്‍ഗ്രസ്) 9,099 വോട്ടുകള്‍ക്ക് തോല്‍പിച്ച് എല്‍ഡിഎഫിന്‍റെ കെ കെ ശൈലജ വെന്നിക്കൊടി പാറിച്ചപ്പോഴാണ് ഇതിനൊരു മാറ്റം വന്നത്. എന്നാല്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ 2011-ല്‍ 3,440 വോട്ടുകള്‍ക്ക് കെ കെ ശൈലജ പേരാവൂരില്‍ സണ്ണി ജോസഫിനോട് പരാജയം രുചിച്ചു. അങ്ങനെ, 2011, 2016, 2021 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്നുവട്ടം സണ്ണി ജോസഫ് പേരാവൂരിന്‍റെ എംഎല്‍എയായി. എന്നാല്‍, 2011 മുതലിങ്ങോട്ട് നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അവകാശപ്പെടാനില്ല. 2011-ല്‍ കെ കെ ശൈലജയെ സണ്ണി ജോസഫ് പരാജയപ്പെടുത്തിയത് 3,440 വോട്ടുകള്‍ക്കാണെങ്കില്‍ 2016-ല്‍ സിപിഎമ്മിന്‍റെ ബിനോയ് കുര്യന്‍ പ്രധാന എതിരാളിയായി വന്നപ്പോള്‍ ഭൂരിപക്ഷം 7,989 വോട്ടുകളായിരുന്നു. 2021-ല്‍ മറ്റൊരു സിപിഎം യുവമുഖം സക്കീര്‍ ഹുസൈനെതിരെ സണ്ണി ജോസഫിന്‍റെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. 2021-ല്‍ 3,172 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് പേരാവൂരില്‍ സണ്ണി ജോസഫ് നേടിയത്.
കണ്ണൂരില്‍ ഇരിക്കൂര്‍ പോലെ യുഡിഎഫിന്‍റെ ഉറച്ച മണ്ണായി ആഴ്‌ചകള്‍ക്ക് മുമ്പുവരെ കണക്കാക്കിയിരുന്ന പേരാവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചറുടെ വരവോടെ തീപാറും പോരിന് വേദിയായിക്കഴിഞ്ഞു. ശൈലജ ടീച്ചര്‍ എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രധാന പേരുകാരി മാത്രമല്ല, പേരാവൂരിലെ മുന്‍ എംഎല്‍എ കൂടിയാണ്. കെ സുധാകരന്‍ കണ്ണൂര്‍ സീറ്റിനായി ഭൂകമ്പമുണ്ടാക്കിയത് പേരാവൂരിലും ചലനം സൃഷ്‌ടിച്ചിരുന്നു. കെ സുധാകരന് സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ സണ്ണി ജോസഫ് മറുപടി പറയേണ്ടിവരുമെന്നും ഫ്ലക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ വാരം ഉയര്‍ന്നയിടമാണ് പേരാവൂര്‍. എന്നാല്‍, സുധാകരന്‍ സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത് പേരാവൂരില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ ആശ്വാസമായി.
മണ്ഡലത്തിലും കേരളമാകെയും അറിയപ്പെടുന്ന രണ്ട് പ്രമുഖര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് പേരാവൂരില്‍ കളമൊരുങ്ങിയിരിക്കുന്നത്. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്‍റ് ആണെങ്കില്‍ കെ കെ ശൈലജ ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്നു. മണ്ഡലത്തില്‍ സണ്ണി ജോസഫിനുള്ള ജനകീയതയും ശൈലജയ്‌ക്കുള്ള തലയെടുപ്പും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇരു മുന്നണികള്‍ക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 23,481 വോട്ടകളുടെയും, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെയും ഭൂരിപക്ഷം പേരാവൂരില്‍ യുഡിഎഫിനുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പേരാവൂരില്‍ യുഡിഎഫ് കുതിപ്പാണ് കണ്ടതെങ്കില്‍ കെ കെ ശൈലജയുടെ വ്യക്തിപ്രഭാവത്തിലൂടെ ഇതിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്ന് 60,963 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചയാളാണ് കെ കെ ശൈലജ. എന്നാല്‍, മട്ടന്നൂരില്‍ നിന്ന് മാറ്റി ശൈലജയെ യുഡിഎഫ് കോട്ടയായ പേരാവൂര്‍ വീണ്ടും പിടിച്ചെടുക്കാന്‍ നിയോഗിക്കുകയായിരുന്നു ഇക്കുറി സിപിഎം. 'അടുത്ത മുഖ്യമന്ത്രിയാവേണ്ടയാള്‍' എന്നുവരെ പറഞ്ഞുകേള്‍ക്കുന്ന കെ കെ ശൈലജയെ പേരാവൂര്‍ സീറ്റ് നല്‍കി ഒതുക്കുകയായിരുന്നു എന്ന വിമര്‍ശനം ഒരു കോണിലുണ്ട്. കെ കെ ശൈലജയെ ഒതുക്കാനായി പേരാവൂരിലേക്ക് സിപിഎം അയക്കുകയായിരുന്നു എന്ന വിമര്‍ശനങ്ങളെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ എങ്ങനെ നോക്കിക്കാണും എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് വേളയില്‍ സജീവമാണ്. കുടിയേറ്റ മേഖലയാണ് എന്നതുകൊണ്ടുതന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങളും സഭ നിലപാടുകളും സജീവ ചര്‍ച്ചയാവും പേരാവൂര്‍ മണ്ഡലത്തില്‍. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമായതിനാല്‍ പേരാവൂരില്‍ എന്‍ഡിഎ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam