മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി, കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഫ്ലാറ്റ് ഉടമകൾ

By Web TeamFirst Published Sep 26, 2019, 9:10 AM IST
Highlights

ഇന്ന് പുലർച്ചെ നാലിന് മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ മൂന്ന് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തിയിരിക്കുകയാണ്. 

കൊച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ മൂന്ന് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി. ജലവിതരണം നിർത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഉടൻ പതിപ്പിക്കും. ഇന്ന് പുലർച്ചെ അ‍ഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലവിതരണവും നിർത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. അതേസമയം, വൈദ്യുതി വിച്ഛേദിച്ചതിലും കുടിവെള്ള വിതരണം നിർത്തിയതിലും പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

ഫ്ലാറ്റിലുള്ളവരെ അറിയിക്കാതെ അതീവരഹസ്യമായാണ് കെഎസ്ഇബി നാല് ഫ്ലാറ്റുകളിലെയും വൈദ്യുതിബന്ധം വിച്ഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പുലർച്ചെ നാല് മണിയോടെയാണ് സംഘം ഫ്ലാറ്റുകളിലെത്തിയത്. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്.

കടുത്ത മനുഷ്യാവകാശലംഘനാണെന്ന് നടന്നതെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതവും അതിക്രൂരവുമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു.

Read More; മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ

വ്യാഴാഴ്ചയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നായിരുന്നു നഗരസഭ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങള്‍ നഗരസഭ വേഗത്തില്‍ പൂർത്തിയാക്കുകയാണ്. നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങൾ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിൽ സുപ്രീംകോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്. 

ഘട്ടം ഘട്ടമായുള്ള നടപടികളിലൂടെ ഫ്ലാറ്റുടമകളുടെ ചെറുത്തുനിൽപ്പിനെ തടയിടാമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അതിന്‍റെ ആദ്യ പടിയെന്നോണമാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. ഗ്യാസ് ഏജൻസികളും കണക്ഷൻ വിച്ഛേദിക്കാനുള്ള നടപടികളും ഇന്ന് ആരംഭിക്കുമെന്നാണ് സൂചന. അതേസമയം നഗരസഭയുടെ നീക്കങ്ങളിൽ ഭയപ്പെടില്ലെന്നും എന്ത് തന്നെ വന്നാലും ഫ്ലാറ്റുകളിൽ നിന്ന് താമസം മാറില്ലെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. വൈദ്യുതിയും വെള്ളവും ​​ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉടമകൾ.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്റ്ററുമായ സ്നേഹിൽ കുമാർ സിം​ഗ് ഇന്ന് മരടിലെ ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്താനും സാധ്യതയുണ്ട്. അതേസമയം വിദേശത്തുള്ള ചില ഉടമകൾ കൂടി മരടിലെ ഫ്ലാറ്റുകളിൽ ഇന്ന് എത്തിചേരും. തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കാൻ അടിയന്തര യോഗം ചേരാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.


 

click me!