
എറണാകുളം: വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ . ജില്ലയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11ന് കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനും ഹൈബി ഈഡൻ എംപി വിശിഷ്ടാതിഥിയും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.
യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി ബി നൂഹ് സ്വാഗതം ആശംസിക്കും. നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി എൻ മോഹനൻ, കെ എം ദിനകരൻ, മുഹമ്മദ് ഷിയാസ്, കെ എസ് ബൈജു, കെ എ അബ്ദുൽ മജീദ്, ടോമി ജോസഫ്, ഇ എം മൈക്കിൾ, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, എറണാകുളം സപ്ലൈകോ മേഖല മാനേജർ സുധീർകുമാർ ഐ വി എന്നിവർ സംസാരിക്കും.
ക്രിസ്മസ് ഫ്ലാഷ് സെയിലും ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകളും
സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
വിപ്രോ, പ്രോക്ടർ ആൻഡ് ഗാംപിൾ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, , ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്.
ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫീസിന്റെ പരിസരം, എറണാകുളം ജില്ലയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ട്, തൃശ്ശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ ഒരു പ്രധാന സൂപ്പർ മാർക്കറ്റ് ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് ഫെയർ പ്രവർത്തിക്കുക
വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ; കരാറുകാർക്ക് കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകാൻ ധാരണ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam