
തൃശ്ശൂര്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ. ഓർഡിനറി ബസിന്‍റെ നികുതി അടച്ചശേഷം ലക്ഷ്വറി സർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോഷ് ട്രാവൽസിന്‍റെ ബസ് നികുതി വെട്ടിപ്പിന് തൃശൂരിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. പരിശോധനയിൽ വാഹനത്തിൽ അനധികൃതമായി പുഷ്ബാക്ക് സീറ്റ് ഘടിപ്പിച്ച് സർവ്വീസ് നടത്തുന്നതായി കണ്ടെത്തി. സാധാരണ സീറ്റിനുള്ള നികുതിയാണ് ജോഷ് ട്രാവൽസ് അധികൃതർ അടച്ചിരുന്നത്.
സാദാ സീറ്റൊന്നിന് 750 രൂപയാണ് നികുതി. പുഷ് ബാക്ക് സീറ്റിന് 1000 രൂപ നൽകണം. കൂടിയ നികുതി ഒഴിവാക്കാൻ പെർമിറ്റ് പരിശോധന സമയത്ത് ബസിൽ സാധാരണ സീറ്റ് ഘടിപ്പിക്കും. പരിശോധന പൂർത്തിയായാൽ സീറ്റ് മാറ്റി പുഷ്ബാക്കാക്കി നിരത്തിലിറക്കും. ഇത്തരത്തിൽ ഈ ബസ് മാസങ്ങളായി സർവ്വീസ് നടത്തിയിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് ജോഷ് ട്രാവൽസിന് രണ്ടേമുക്കാൽ ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ അസി. ഇൻസ്പെക്ടറെ ജോഷ് ട്രാവൽസ് ഉടമ ഭീഷണിപ്പെടുത്തിയത്. ബസിലെ വേഗപ്പൂട്ട് വിച്ഛേദിച്ചതിന് നടപടി എടുത്തതിനായിരുന്നു ഭീഷണി. ജോഷിന്‍റെ കൂടുതൽ ബസുകളിൽ നിയമലംഘനമുണ്ടോ എന്ന് കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam